സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബസ് മാർഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോർത്തേൺ ഐജി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിൻ്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് പെൺകുട്ടിയുടെ പിതാവ് ഹരിദാസൻ പറഞ്ഞു. സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടിരുന്നു. താനും ബന്ധുക്കളും ഉൾപ്പെടെ മകളുടെ ദുരവസ്ഥ കണ്ടതാണ്. മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും ഹരിദാസൻ പറഞ്ഞു. രാഹുലിൻ്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. വിവാഹാലോചന മുടങ്ങിയ കാര്യം അറിഞ്ഞിരുന്നു. മർദിച്ച വിവരം രാഹുൽ വീട്ടിൽ വെച്ച് സമ്മതിച്ചതാണ്. രാഹുൽ കള്ളും കഞ്ചാവും ഉപയോഗിക്കുന്നയാളാണെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ഹരിദാസൻ ആവശ്യപ്പെട്ടു.
സ്ത്രീധനം ചോദിച്ചുവെന്ന് യുവതി കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് രാഹുലിനെ അമ്മയുടെ പ്രതികരിച്ചത്. മർദനം നടന്നുവെന്നത് ശരിയാണെന്നും പെൺകുട്ടിയുടെ ഫോൺ ചാറ്റ് പിടികൂടിയതാണ് മർദനത്തിന് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുൽ ഇന്നലെ ഉച്ച മുതൽ വീട്ടിൽ ഇല്ല. എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ വ്യക്തമാക്കി. സൈബർ സെൽ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല