1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2024

സ്വന്തം ലേഖകൻ: 2015-ൽ കോഴിക്കോട് വിട്ട സൗദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്. ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ 11 ആയി ഉയർത്താനും പദ്ധതിയുണ്ട്.

കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി സർവീസ് നടത്തുന്നുണ്ട്.

2015-ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതാണ് സൗദി എയർ കോഴിക്കോട് വിടാൻ കാരണമായത്. തുടർന്ന് 2020-ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപകടം അന്വേഷിച്ച കമ്മിഷൻ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കോഴിക്കോട്ട് ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു.

സൗദി എയർലൈൻസ്‌ മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കോഴിക്കോട് വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയ്ക്കും കോഴിക്കോട്ട്‌ മടങ്ങിയെത്താനുള്ള വഴിതെളിഞ്ഞു. കൂടുതൽ കമ്പനികൾ കോഴിക്കോട്ടേക്ക് സർവീസ് തുടങ്ങാനും തീരുമാനം വഴിവെക്കും.

അതിനിടെ മുംബൈയിലേക്കുള്ള ഏകസർവീസും അവസാനിപ്പിച്ച് എയർഇന്ത്യ ജൂൺ 15-ഓടെ കരിപ്പൂരിനെ കൈവിടുന്നു. കരിപ്പൂർ വിമാനത്താവളം തുടങ്ങിയതുമുതലുണ്ടായിരുന്ന ഷാർജ, ദുബായ് സർവീസുകൾ സ്വകാര്യവത്കരണം വന്നയുടൻ എയർ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ദീർഘകാലമായി ലാഭത്തിലായിരുന്നു ഈ സർവീസുകളെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് എയർ ഇന്ത്യ പിൻവലിച്ചത്.

സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളുടെ എണ്ണം നാമമാത്രമായി കൂട്ടുകയാണ് ചെയ്തത്. ലാഭകരമായിരുന്ന ഡൽഹി സർവീസും അവസാനിപ്പിച്ചതോടെ കുറച്ചുകാലമായി കരിപ്പൂരിൽ മുംബൈ സർവീസ് മാത്രമായി എയർ ഇന്ത്യ ഒതുങ്ങിയിരുന്നു.

എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ കരിപ്പൂരിൽനിന്ന് മുംബൈയിലേക്ക് ഇൻഡിഗോ എയർ മാത്രമാകും സർവീസ് നടത്തുക. യാത്രാക്കൂലി വർധിക്കുന്നതോടൊപ്പം ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ടാകും. യൂറോപ്പ് സെക്ടറിൽ യാത്ര ചെയ്യുന്നവർക്കാണ് എയർ ഇന്ത്യയുടെ പിൻമാറ്റം വലിയ തിരിച്ചടിയാകുക. കണക്ടിവിറ്റി ഇല്ലാതാകുന്നതിനാൽ ചെലവും സമയവും കൂടുതലാകും.

അതേസമയം, കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്ന സൗദി എയർലൈൻസ് നാരോ ബോഡി വിമാനങ്ങളുമായാണ് തിരികെ വരുന്നത്. 150-200 യാത്രക്കാർക്ക് സഞ്ചരിക്കാവുന്നവയാണ് നാരോ ബോഡി വിമാനങ്ങൾ. നേരത്തെ, വൈഡ് ബോഡി വിമാനങ്ങളുമായാണ് സൗദി എയർലൈൻസ്‌ കരിപ്പൂരിൽ സർവീസ് നടത്തിയിരുന്നത്.

വൈഡ് ബോഡി സർവീസ് നടത്തുന്നതിന് വിമാനക്കമ്പനി പഠനങ്ങൾ നടത്തുകയും റിപ്പോർട്ട് ഡി.ജി.സി.എ.ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നാരോ ബോഡി വിമാനങ്ങളുമായി സർവീസ് പുനരാരംഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.