സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലാ ജോലികളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി യുഎഇ ഭരണകൂടം. ഇതിന്‍റെ ഭാഗമായി രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനകള്‍ വ്യാപകമാക്കി. പരിശോധനകളില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
2022 ജൂലായ് മുതല്‍ 2024 മെയ് 16 വരെ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് യുഎഇയിലെ 1,300-ലധികം സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് ഓരോ കേസിനും 20,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴ ചുമത്തി. ഈ 1,379 സ്ഥാപനങ്ങള്‍ 2,170 യുഎഇ പൗരന്മാരെ നിയമവിരുദ്ധമായി നിയമിച്ചതായി കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സ്വദേശിവല്‍ക്കരണ നിയമങ്ങള്‍ നടപ്പാക്കിയതിനുശേഷം, അധികൃതരുടെ കണ്ണില്‍ പൊടിയിടുന്നതിന് അനധികൃത നിയമന രീതികളിലൂടെ തട്ടിപ്പുകള്‍ തടത്തിയ നൂറുകണക്കിന് കമ്പനികളെ മന്ത്രാലയം പിടികൂടിയിട്ടുണ്ട്. സ്ഥാപനത്തിന്‍റെ എമിറേറ്റൈസേഷന്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ജോലികളിലല്ലാതെ നാമമാത്രമായ ജോലികളില്‍ യുഎഇ പൗരന്‍ തൊഴിലെടുക്കുന്നതായും പരിശോധനകളില്‍ വ്യക്തമായി.
ഇത് എമിറേറ്റൈസേഷന്‍ നിയമത്തിന്‍റെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ചിലര്‍ കണക്ക് ഒപ്പിക്കാന്‍ ഒരു സ്വദേശിയെ തന്നെ പലവട്ടം നിയമിച്ച കേസുകളും കണ്ടെത്തി. ഇവര്‍ക്കെതിരേ ശക്തമായ നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.
100,000 ദിര്‍ഹം വരെ പിഴ ചുമത്തുന്നതിന് പുറമെ നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷൻ റഫര്‍ ചെയ്തു. ചില സ്ഥാപനങ്ങളെ മന്ത്രാലയത്തിന്‍റെ സിസ്റ്റത്തിലെ ഏറ്റവും കുറഞ്ഞ കമ്പനി റേറ്റിംഗിലേക്ക് തരംതാഴ്ത്തി. മറ്റുള്ളവര്‍ എമിറേറ്റൈസേഷന്‍ ഫണ്ടിലേക്ക് സാമ്പത്തിക സംഭാവനകള്‍ നല്‍കേണ്ടതുണ്ടെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
എമിറേറ്റൈസേഷന്‍ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ സ്വകാര്യ കമ്പനികള്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായും നിയമാനുസൃതമായും നേരിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവല്‍ക്കരണ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 600590000 എന്ന നമ്പറില്‍ വിളിച്ചോ മന്ത്രാലയത്തിന്‍റെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ, സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇമാറാത്തികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ജൂലായ് മുതല്‍ 2024 മെയ് വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 20,000 സ്വകാര്യ കമ്പനികളില്‍ ഇതുവരെ 97,000-ത്തിലധികം യുഎഇ പൗരന്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 170 ശതമാനം വര്‍ധനയാണ് മൂന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല