സ്വന്തം ലേഖകൻ: നിർമിതബുദ്ധിയും ഭാവി സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പുതുയുഗത്തിനു തുടക്കമിട്ട് ദുബായ് എഐ ക്യാംപസ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. എഐ, വിവരസാങ്കേതികവിദ്യാ രംഗത്തെ അഞ്ഞൂറിലേറെ കമ്പനികളെ ആകർഷിക്കുന്ന പദ്ധതിയിലൂടെ 3000 പേർക്ക് ജോലി ലഭിക്കും.
ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്തത്. 4 വർഷത്തിനകം ഒരു ലക്ഷം ചതുരശ്ര അടിയിലേക്ക് കേന്ദ്രം വികസിപ്പിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ കേന്ദ്രമായി മാറും. ദുബായ് ഇക്കണോമിക് അജൻഡ ഡി33മായി യോജിപ്പിച്ചാണ് പദ്ധതി.
ക്യാംപസിലെ സ്റ്റാർട്ടപ്പുകൾക്ക് സൂപ്പർ കംപ്യൂട്ടറിൽ പരിശീലിച്ച് ഭാവി എഐ കമ്പനികളെ സൃഷ്ടിക്കാൻ അവസരമൊരുക്കും. മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള സാങ്കേതിക പങ്കാളിത്തം ഇതിന് കരുത്തുപകരും. ഡിജിറ്റൽ പരിവർത്തന പദ്ധതികളിൽനിന്ന് ദുബായുടെ സമ്പദ്വ്യവസ്ഥയിലേക്ക് വർഷം 10,000 കോടി ദിർഹം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 2030ഓടെ മധ്യപൂർവദേശ സമ്പദ്വ്യവസ്ഥയിലേക്ക് എഐ 23,000 കോടി ഡോളർ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള നിക്ഷേപം ആകർഷിക്കാനും ഇതു വഴിയൊരുക്കും. നിർമിത ബുദ്ധിയിലൂടെ ബിസിനസ് ലളിതമാക്കാനും വിപുലീകരിക്കാനും സഹായിക്കുന്നത് പ്രാദേശിക കമ്പനികൾക്കും ഗുണം ചെയ്യും. ആമസോൺ വെബ് സർവീസസ്, എച്ച്പി, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, എൻവിഡിയ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ സഹകരണവുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല