1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2024

സ്വന്തം ലേഖകൻ: പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം നിയമകുരുക്കുകൾ പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച പ്രവാസി മലാളിയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷിബുവിന്റെ(49) മൃതദേഹമാണ് സംസ്കരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ജുബൈലിയിൽ കഴിഞ്ഞ അഞ്ചിനാണ് ഷിബു മരിച്ചത്.

ജുബൈലിലെ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഹരിപ്പാട് പള്ളിപ്പാട് സെന്റ് തോമസ് ഓർത്തഡോക്സ് കാതലിക്കേറ്റ് സിംഹാസന പള്ളിയിലായിരുന്നു സംസ്കാരം.

സൗദി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ ശ്രമത്തിന്‍റെ ഫലമായാണ് മൃതദേഹം വേഗം നാട്ടിലെത്തിക്കാനായത്. മൃതദേഹം വിട്ടുകിട്ടുന്നതിനു നാട്ടിൽ നിന്നുള്ള രേഖകൾ ജമാഅത്തെ ഇസ്‌ലാമി ഹരിപ്പാട് ഏരിയ പ്രസിഡന്റ് അബ്ദുൽ റസാഖ് വഴിയാണ് സലിമിനു കൈമാറിയിരുന്നത്.

മകൾക്ക് രണ്ടര വയസുള്ളപ്പോഴായിരുന്നു ഷിബു സൗദിയിലേക്ക് പോയത്. സൗജന്യ വീസയിലെത്തിയ ഷിബു വിവിധ കമ്പനികളിൽ തൊഴിൽ ചെയ്തിരുന്നുവെങ്കിലും വർക്ക് പെർമിറ്റ് ലഭിച്ചിരുന്നില്ല. അതിനാൽ നാട്ടിലേക്ക് പോകാൻ സാധിക്കാതെ കഴിഞ്ഞ ഷിബു 12 വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങിയത്. അതിനിടയിലായിരുന്നു മരണം.

ഷിജുവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ സങ്കടം ഹൃദയഭേദകമായിരുന്നു. അച്ഛൻ്റെ വരവിനായി കാത്തിരുന്ന മകളുടെ മുന്നിലേക്ക് ഷിബുവിന്റെ മൃതദേഹം എത്തിയപ്പോൾ തീരാദുഃഖമായിരുന്നു. പിതാവിനെ ജീവനോടെ ഒരു നോക്കുകാണാൻ കഴിയാതെ പോയതിന്റെ സങ്കടക്കടലിലായിരുന്നു മകൾ ഹെലന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.