1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2024

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെ തള്ളി ഐ.സി.എം.ആർ.(Indian Council of Medical Research). ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി.

കൃത്യമായ വിവരങ്ങളോടെ രൂപകൽപന ചെയ്യാത്ത പഠനമാണിതെന്നും ഐ.സി.എം.ആർ. പറഞ്ഞു. ഐ.സി.എം.ആറുമായി ബന്ധപ്പെടുത്തിയുളള പഠനത്തിലെ പരാമർശം അടിയന്തിരമായി നീക്കംചെയ്യണമെന്ന്​ ​ഗവേഷകർക്കും പഠനം പ്രസിദ്ധീകരിച്ച ജേർണലിന്റെ എഡിറ്റർക്കും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ കത്തെഴുതി.

കോവാക്സിന്റെ പാർശ്വഫലം സംബന്ധിച്ചുള്ള ബി.എച്ച്.യു.വിന്റെ പഠനത്തിൽ ഐ.സി.എം.ആറിനെ തെറ്റായി ഉദ്ധരിക്കുകയാണ്. കോവാക്സിന്റെ സുരക്ഷാവിശകലനങ്ങൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന മോശമായി ഡിസൈൻ ചെയ്ത ഈ പഠനവുമായി ഐ.സി.എം.ആറിനെ ബന്ധപ്പെടുത്തരുത്- ബാൽ പറഞ്ഞു.

വാക്സിൻ എടുത്തിട്ടില്ലാത്തവരും വാക്സിനെടുത്തവരുമായുള്ള താരതമ്യപഠനം നടത്തിയിട്ടില്ല. അതിനാൽതന്നെ പഠനത്തിൽ പറഞ്ഞിരിക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ വാക്സിനുമായി ബന്ധപ്പെടുത്താൻ കഴിയില്ല. പഠനത്തിൽ പങ്കെടുത്തവരെ വാക്സിനേഷനുശേഷം ഒരുവർഷം ഫോണിലൂടെ ബന്ധപ്പെട്ട് പ്രതികരണങ്ങളെടുക്കുകയാണ് ചെയ്തത്. അതിനെ സാധൂകരിക്കുന്ന ക്ലിനിക്കൽ രേഖകളോ, ഡോക്ടറുടെ പരിശോധനയോ നടന്നിട്ടില്ല. – കത്തിൽ കുറിക്കുന്നു.

ഈ പഠനവുമായി ഐ.സി.എം.ആറിന് ബന്ധമില്ല, യാതൊരുവിധത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ​ഗവേഷണത്തിനായി നൽകിയിട്ടില്ല. ഐ.സി.എം.ആറിൽ നിന്നുള്ള അനുമതിയില്ലാതിരുന്നിട്ടും ​ഗവേഷണത്തിന് പിന്തുണ ലഭിച്ചുവെന്ന് പരാമർശിച്ചത് അനുചിതവും അം​ഗീകരിക്കാൻ ആവാത്തതുമാണ്. നേരത്തേയും സമാനമായ പല പഠനങ്ങളിലും അനുവാദമില്ലാതെ ഐ.സി.എം.ആറിനെ കൂട്ടുപിടിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ നടപടികളിലേക്ക് നീങ്ങാതിരിക്കാൻ വിശദീകരണം നൽകണമെന്നും ഐ.സി.എം.ആർ. കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനറിപ്പോർട്ട് പുറത്തുവന്നത്. സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

926 പേരെ ഒരുവർഷത്തോളം നിരീക്ഷിച്ച് ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരിൽ അമ്പതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോ​ഗങ്ങൾ, ചർമരോ​ഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ​ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. അനുബന്ധ രോ​ഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.

എന്നാൽ ഇതിനുപിന്നാലെ വിശദീകരണവുമായി കോവാക്സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക് രം​ഗത്തെത്തുകയും ചെയ്തിരുന്നു. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നുമാണ് കമ്പനി വ്യക്തമാക്കിയത്. പ്രഥമപരി​ഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നും ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാ​ഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിൻ കോവാക്സിനാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു

കോവിഷീൽ‍ഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആ​ഗോളതലത്തിൽ മരുന്ന് പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിൽ നൽകിവന്നിരുന്ന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. യു.കെ. കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക കമ്പനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നൽകിയത്.

യു.കെയിൽനിന്നുള്ള ജാമി സ്കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്.

തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.