സ്വന്തം ലേഖകൻ: കൊടുംചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ 3 മാസത്തേക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി എടുക്കുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അടിയന്തര സേവന മേഖല ഒഴികെ പുറംജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണം.
കൊടുംചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. ജീവൻതന്നെ അപകടത്തിലാകാം. അതിനാലാണ് 4 മണിക്കൂർ ഇടവേള നൽകിവരുന്നത്. ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാനും കമ്പനികൾക്ക് അനുമതി നൽകി.
നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമലംഘകർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100– 200 ദിനാർ നിരക്കിൽ പിഴ ഈടാക്കും. നിയമലംഘനം ശരിയാക്കുന്നതുവരെ സ്ഥാപനത്തിന്റെ ഫയൽ ബ്ലോക്ക് ചെയ്യും. അതിനാൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനാകില്ലെന്നും വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല