സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നുള്ള രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളില്‍ അപ്പോയ്ന്മെന്റുകള് എടുക്കാന്‍ ഇനി നെസ്മഅക് പോര്‍ട്ടല്‍ മുഖേന റഫറല്‍ സമര്‍പ്പിക്കാം.
എച്ച്എംസിയുടെ ഔട്ട്പേഷ്യന്റ് അപ്പോയ്ന്മെന്റുകള് കൂടുതല്‍ സുഗമമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. എച്ച്എംസിയുടെ കീഴിലെ മുഴുവന്‍ ആശുപത്രികളിലും പുതിയ നടപടി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ അല്ലെങ്കില്‍ സ്വകാര്യ ഹെല്‍ത്ത് സെന്ററുകള്‍ മുഖേന റഫറല്‍ നേടാം. ഹെല്‍ത്ത് കാര്‍ഡ്, ഫോണ്‍ നമ്പര്‍, ഡോക്ടറുടെ സ്റ്റാംപും ഒപ്പും, മെഡിക്കല്‍- പരിശോധനാ രേഖകള്‍ എന്നിവയാണ് റഫറലിനുള്ള രേഖകള്‍.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് (പിഎച്ച്സിസി) മുഖേനയാണെങ്കില്‍ ഇലക്ട്രോണിക് റഫറലുകള്‍ ഡോക്ടര്‍മാര്‍ നേരിട്ടോ അല്ലെങ്കില്‍ ഓട്ടമാറ്റിക്കായോ എച്ച്എംസിക്ക് അയയ്ക്കും. എച്ച്എംസിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് നെസ്മഅക് (Nesma’ak) പേഷ്യന്റ് പോര്‍ട്ടലിലൂടെ റഫറലുകള്‍ സമര്‍പ്പിക്കാം. ലിങ്ക്: https://www.hamad.qa/EN/Get%20in%20Touch/Pages/Appointment-Referral.aspx
പോര്‍ട്ടലില്‍ ലഭിക്കുന്ന റഫറലുകള്‍ എച്ച്എംസിയുടെ ബുക്കിങ് മാനേജ്മെന്റ് ടീം റജിസ്റ്റര്‍ ചെയ്യുകയും ഡോക്ടര്‍മാരുടെ ലഭ്യതയും രോഗികള്‍ക്ക് ഉചിതമായ തീയതിയും സമയവും അനുസരിച്ച് അപ്പോയ്ന്മെന്റ് ഷെഡ്യൂള്‍ ക്രമീകരിക്കും.
അപ്പോയ്ന്മെന്റ് ഷെഡ്യൂള്‍ ചെയ്താലുടന്‍ തന്നെ തീയതിയും സമയവും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രോഗിക്ക് എസ്എംഎസ് ആയി ലഭിക്കും.
അപ്പോയ്ന്മെന്റ് റദ്ദാക്കാനോ മാറ്റം വരുത്തുകയോ ചെയ്യാന്‍ രോഗികള്‍ക്ക് നെസ്മഅകിന്റെ 16060 എന്ന ഹോട്ലൈന് നമ്പറില്‍ ബന്ധപ്പെടാം. ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല