1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2024

സ്വന്തം ലേഖകൻ: നൂറ് എം എല്‍ ലിക്വിഡ് ഹാന്‍ഡ് ലഗേജ് നിയമം അടുത്ത ആഴ്ച മുതല്‍ നീക്കം ചെയ്യുകയാണ് ബെര്‍മിംഗ്ഹാം വിമാനത്താവളം. പുതിയ ഫാസ്റ്റ് ട്രാക്ക് സ്‌കാനറുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ, സുരക്ഷാ പരിശോധന സമത്ത് ലിക്വിഡുകള്‍ ബാഗില്‍ നിന്നും പുറത്തെടുത്ത് പരിശോധിക്കേണ്ട സാഹചര്യം ഇല്ലാതെയായതോടെയാണ് ഈ നിയമം എടുത്തു മാറ്റുന്നത്. ഇതോടെ ലിക്വിഡ് ല്‍ ലഗേജിലെ നിയന്ത്രണം എടുത്തു കളഞ്ഞ യുകെയിലെ ആദ്യത്തെ പ്രധാന വിമാനത്താവളമായിരിക്കുകയാണ് ബിര്‍മ്മിംഗ്ഹാം.

2006 ല്‍ ആയിരുന്നു, 100 എം എല്‍ വരെ മാത്രമെ ലിക്വിഡുകള്‍ വിമാനയാത്രയില്‍ കൊണ്ടു പോകാവൂ എന്ന നിയമം നിലവില്‍ വന്നത്. 500 എം എല്‍ കുപ്പിയില്‍ പാനീയങ്ങള്‍ എന്ന പേരില്‍ ലിക്വിഡ് ബോംബുകള്‍ ഉപയോഗിച്ച് അഞ്ചോളം വിമാനങ്ങള്‍ തകര്‍ക്കാനുള്ള തീവ്രാവാദികളുടെ ശ്രമം അന്ന് പോലീസ് തകര്‍ത്തിരുന്നു. അതിനെ തുടര്‍ന്നായിരുന്നു ഈ നിയന്ത്രണം നിലവില്‍ വന്നത്. എന്നാല്‍, ഇപ്പോള്‍ യു കെയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രയോഗത്തില്‍ വരുന്ന പുതിയ 3 ഡി സ്‌കാനര്‍ സാങ്കേതിക വിദ്യ കൂടുതല്‍ വിശദമായ ചിത്രങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക് അവരുടെ ഹാന്‍ഡ് ബാഗില്‍ 2 ലിറ്റര്‍ വരെയുള്ള ലിക്വിഡുകള്‍ കൊണ്ടു പോകാന്‍ കഴിയും.

പുതിയ സി ടി സ്‌കാനറുകള്‍ ഘടിപ്പിക്കാന്‍ 2024 ജൂണ്‍ വരെയായിരുന്നു ഗതാഗത വകുപ്പ് എല്ലാ വിമാനത്താവളങ്ങള്‍ക്കും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍, ഒട്ടുമിക്ക പ്രധാന വിമാനത്താവളങ്ങളും ഈ തീയതിക്കുള്ളില്‍ പുതിയ സ്‌കാനര്‍ ഘടിപ്പിക്കും എന്ന് കരുതുന്നില്ല. ബിര്‍മ്മിംഗ്ഹാം വിമാനത്താവളമാണ് സമയ പരിധിക്കുള്ളില്‍ പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കിയതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാഫ് ടേം ഹോളിഡേയിലെ അവസാന വാരാന്ത്യമായ അടുത്ത വാരാന്ത്യത്തിലാണ് യാത്ര സുഗമമാക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം ഇവിടെ തുടങ്ങുക.

അതേസമയം, ഡോക്ക്ലാന്‍ഡ്‌സിലെ ലണ്ടന്‍ സിറ്റി വിമാനത്താവളം, ഡാര്‍ലിംഗ്ടണിലെ ടീസൈഡ് വിമാനത്താവളം, എന്നിവ പോലുള്ള ചെറിയ വിമാനത്താവളങ്ങളില്‍ ഈ പുതിയ സ്‌കാനറുകള്‍ ഇതിനോടകം തന്നെ നിലവില്‍ വന്നിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലാണ് ഇതിന് കാലതാമസം വരുന്നത്. അതുകൊണ്ടു തന്നെ വരുന്ന വേനല്‍ക്കാല ഒഴിവുകാലത്തും ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ പോലുള്ള പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പരിശോധനകള്‍ പൂര്‍ത്തിയാകാനായി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം. 2025 ജൂണ്‍ വരെയെങ്കിലും ഇവിടങ്ങളില്‍ പുതിയ സ്‌കാനര്‍ എത്താന്‍ സമയമെടുക്കും എന്നാണ് മനസ്സിലാകുന്നത്.

പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതോടെ ലിക്വിഡുകള്‍ക്ക് മാത്രമല്ല പ്രയോജനം ലഭിക്കുന്നത്. ലാപ്‌ടോപ്പുകളും ബാഗില്‍ നിന്നും പുറത്തെടുത്ത് പരിശോധിക്കേണ്ടതായി വരില്ല. ഇതും, പരിശോധനക്കുള്ള സമയം വളരെയേറെ കുറയ്ക്കും. ലൂട്ടണ്‍, ബ്രിസ്റ്റോള്‍ വിമാനത്താവളങ്ങളും ജൂണ്‍ മാസത്തില്‍ തന്നെ ഈ സാങ്കേതിക വിദ്യ പ്രയോഗിക്കുവാനുള്ള നീക്കത്തിലാണ്. ബ്രിസ്റ്റോള്‍10 മില്യനിലധികമാണ് സുരക്ഷാ ഉപകരണങ്ങള്‍ക്കായി ഈ വര്‍ഷം മുടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.