1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2024

സ്വന്തം ലേഖകൻ: യുഎഇ യിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൗരന്മാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതെന്ന് ശൈഖ് മുഹമ്മദ്‌ പറഞ്ഞു. തന്റെ സഹോദരനായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം 70,000 പേർ സ്വകാര്യ മേഖലയിൽ പ്രവേശിച്ചിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പൗരൻമാരെ ആകർഷിക്കാൻ ആനുകൂല്യങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അടുത്ത മൂന്ന് വർഷത്തിനകം പൗരന്മാർക്കായി 1,00,000 തൊഴിലവസരങ്ങൾ കൂടി സൃഷിക്കാനും യുഎഇ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുന്ന പുതിയ നയവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും പൗരന്മാരുടെയും സമ്പദ് വ്യവസ്ഥയുടെയും ഭാവി കൂടുതൽ ശോഭനമാകാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രധാന നേട്ടം കൈവരിക്കുന്നതിൽ മികച്ച ഇടപ്പെടലുകൾ നടത്തിയ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള നാഫിസ് ടീമിനും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിലെ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നതായും ശൈഖ് മുഹമ്മദ്‌ എക്സിൽ കുറിച്ചു.

നിലവിൽ രാജ്യത്തെ 20,000-ലേറെ സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളെ നിയമിച്ചിട്ടുണ്ട്. 2021-മായി താരതമ്യപ്പെടുത്തുമ്പോൾ സ്വദേശികളുടെ എണ്ണം 170 ശതമാനമാണ് വർധിച്ചത്. സ്വകാര്യമേഖലയിലെ ഭൂരിപക്ഷംതൊഴിലുടമകളും സ്വദേശിവത്കരണ നിയമം നല്ലരീതിയിൽ തങ്ങളുടെ സ്ഥാപനത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായമുള്ളവരുമാണ്. വിദഗ്‌ധ തൊഴിലിന് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ നാഫിസ് പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം ആവർത്തിക്കുന്നുണ്ട്.

സ്വദേശിവത്കരണത്തിൽ ക്രമക്കേട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നിയമനടപടികളാണ് സ്വീകരിക്കുന്നത്. നിയമങ്ങൾ ലംഘിച്ച 1379 സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതുവരെ പിഴ ചുമത്തിയിട്ടുണ്ട്. 2022 -ന്റെ പകുതി മുതൽ ഈ മാസത്തിന്റെ പകുതി വരെയായി 2,170 വ്യാജ ഇമിറാത്തി നിയമനങ്ങളാണ് കണ്ടെത്തിയത്. ഓരോ സ്ഥാപനത്തിനും 20,000 മുതൽ ലക്ഷം ദിർഹം വരെയാണ് പിഴയിട്ടത്.

കൂടാതെ സ്ഥാപനങ്ങളുടെ റേറ്റിങ് കുറയ്ക്കുകയും ചില സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുമുണ്ട്. അതേസമയം, അർധവാർഷിക സ്വദേശിവത്കരണം കൈവരിക്കാനുള്ള സമയപരിധി അടുത്ത മാസം 30-ന് അവസാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.