സ്വന്തം ലേഖകൻ: ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 യാത്രക്കാർക്കു പരുക്കേറ്റു. തുർക്കിക്കുമുകളിൽ പറക്കുമ്പോഴാണു വിമാനം ആകാശച്ചുഴിയിൽ വീണത്. വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.
20 സെക്കൻഡാണു ആകാശച്ചുഴിയിൽ പെട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 5 ദിവസം മുൻപ് ലണ്ടനിൽനിന്ന് സിംഗപ്പൂർക്കു പോയ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു ബ്രിട്ടിഷ് പൗരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടത്. അതിശക്തമായി ആടിയുലഞ്ഞ വിമാനത്തിലെ യാത്രക്കാരിലൊരാളായ ബ്രിട്ടീഷുകാരൻ ജെഫ്രി കിറ്റ്ചെൻ (73) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
104 യാത്രക്കാർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് വിമാനം അടിയന്തരമായി തായ്ലാൻഡിലെ ബാങ്കോക്കിൽ ഇറക്കി. പരിക്കേറ്റവരിൽ 84 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി. മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 229 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല