സ്വന്തം ലേഖകൻ: പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമ സാധുതയുണ്ട്. നമ്മുടെ ഡ്രൈവിങ് ലൈസന്‍സിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം. ഒപ്പം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനെക്കുറിച്ചും. സാധാരണ വിദേശയാത്രകളില്‍ പൊതുഗതാഗതത്തേയോ ടാക്‌സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകള്‍ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക.
ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ പെര്‍മിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചു തന്നെ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുണ്ട്. ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമസാധുതയുണ്ട്.
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് സാധുതയുള്ള രാജ്യങ്ങള്‍
- അമേരിക്ക
ഇംഗ്ലീഷിലുള്ള ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷം വരെ ഉപയോഗിക്കാം. നിങ്ങള്‍ എപ്പോള്‍ അമേരിക്കയിലെത്തിയെന്ന് തെളിയിക്കുന്ന I-94 ഫോം കൈവശം വെക്കണമെന്നു മാത്രം.
- മലേഷ്യ
ഇംഗ്ലീഷിലോ മലായിലോ ഉള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. മലേഷ്യയിലെ ഇന്ത്യൻ എംബസിയോ ലൈസൻസ് നൽകിയ എംവിഡിയുടെയോ സാക്ഷ്യപ്പെടുത്തലും വേണം. ഇവ ഇല്ലെങ്കിൽ ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് വേണം.
- ജര്‍മനി
ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ആറ് മാസം വരെ ജർമനിയിൽ വാഹനമോടിക്കാം. ഡൈവിങ് ലൈൻസിന്റെ ജർമൻ പരിഭാഷ കൈയിൽ കരുതണം. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ കൂടുതൽ നല്ലത്.
4. ഓസ്‌ട്രേലിയ
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് രാജ്യത്ത് 3 മാസം വരെ വാഹനമോടിക്കാം. ഇംഗ്ലീഷിലാണ് ലൈസൻസ് എങ്കിൽ ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയൻ ക്യാപിറ്റൽ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം വാഹനമോടിക്കാൻ സാധിക്കും.
- യുകെ
യുകെയിലെ ഡ്രൈവിങ് രീതികളാണ് ഏറെക്കുറെ ഇന്ത്യയിലും റൈറ്റ് ഹാൻഡ് ഡ്രൈവുമാണ്. അതുകൊണ്ട് നമ്മുടെ ലൈസൻസ് കൊണ്ട് ഒരു വർഷം വരെ യുകെയിൽ വാഹനമോടിക്കാം. വെയിൽസ്, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നീവടങ്ങളിൽ വാഹനമോടിക്കാൻ സാധിക്കും.
- ന്യൂസീലന്‍ഡ്
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു വർഷം ഇവിടെ വാഹനമോടിക്കാം. ന്യൂസിലൻഡ് ട്രാൻസ്പോർട് എജൻസി ഇന്ത്യൻ ലൈസൻസ് അംഗീകരിക്കണമെന്ന് മാത്രം.
- സ്വിറ്റ്‌സര്‍ലന്‍ഡ്(ഒരു വര്‍ഷം)
ഇന്ത്യൻ ലൈസൻസ് എങ്കിൽ ഒരു വർഷം വരെ ഇവിടെ വാഹനമോടിക്കാം.
- ദക്ഷിണാഫ്രിക്ക
സൗത്ത് ആഫ്രിക്കയിലെ നഗരങ്ങളിലൂടെ വാഹനമോടിക്കാൻ നിങ്ങൾക്ക് രണ്ടേ രണ്ടുകാര്യങ്ങളേ ആവശ്യമുള്ളു, ഒന്ന് 21 വയസ് തികഞ്ഞിരിക്കണം, രണ്ട് നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഇംഗ്ലീഷിൽ പ്രിന്റ് ചെയ്തതായിരിക്കണം. - സ്വീഡന്‍
ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വരെ സ്വീഡനിൽ വാഹനമോടിക്കാം. അതിന് നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷ്, നോർവിജിയൻ, സ്വീഡിഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ ഏതെങ്കിലുമായാൽ മതി.
- സിംഗപ്പൂര്‍
ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സിംഗപ്പൂരിൽ വാഹനമോടിക്കാം. ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം.
- ഹോങ്കോങ്
ഒരു വര്‍ഷം വരെ ഹോങ്കോങില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാം. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കിലും ഹോങ്കോങില്‍ വാഹനം ഓടിക്കാം.
- സ്‌പെയിന്‍
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ആറു മാസം വരെ സ്‌പെയിനില്‍ വാഹനം ഓടിക്കാനാവും. നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഇംഗ്ലീഷിലായിരിക്കണം. ഒപ്പം തിരിച്ചറിയല്‍ രേഖയും കരുതണം.
- കാനഡ
തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള കാനഡയിലൂടെ കാറോടിച്ചു പോവുന്നത് പ്രത്യേക അനുഭവമായിരിക്കും. ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് 60 ദിവസം വരെ കാനഡയില്‍ വാഹനം ഓടിക്കാനാവും. ഇതിനു ശേഷം വാഹനം ഓടിക്കണമെങ്കില്‍ കനേഡിയന്‍ ഡ്രൈവിങ് ലൈസന്‍സ് വേണ്ടി വരും.
- ഫിന്‍ലാന്‍ഡ്
ഫിന്‍ലന്‍ഡിലേക്കെത്താന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണ്. ഈ ഇന്‍ഷുറന്‍സിനെ അടിസ്ഥാനപ്പെടുത്തി ആറു മുതല്‍ 12 മാസം വരെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാനുള്ള അനുമതി ഫിന്‍ലാന്‍ഡില്‍ ലഭിക്കും.
- ഭൂട്ടാന്‍
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് നാലുചക്ര, ഇരുചക്ര വാഹനങ്ങള്‍ ഭൂട്ടാനില്‍ ഓടിക്കാനാവും. എന്നാല്‍ നിങ്ങള്‍ക്ക് വാഹന പെര്‍മിറ്റ് ഉണ്ടെന്ന് ഉറപ്പിക്കണമെന്നു മാത്രം.
- ഫ്രാന്‍സ്
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ ഫ്രാന്‍സില്‍ വാഹനം ഓടിക്കാനാവും. എന്നാല്‍ ലൈസന്‍സ് രേഖ ആദ്യം ഫ്രഞ്ച് ഭാഷയിലേക്കു മാറ്റണമെന്നു മാത്രം.
- നോര്‍വേ
പ്രകൃതിഭംഗികൊണ്ടും മലനിരകള്‍കൊണ്ടും അനുഗ്രഹിക്കപ്പെട്ട നാടാണ് നോര്‍വേ. മൂന്നു മാസം വരെ നോര്‍വേയില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്
ഉപയോഗിക്കാനാവും.
- ഇറ്റലി
ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചോ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സോ ഉപയോഗിച്ച് ഇറ്റലിയില്‍ വാഹനം ഓടിക്കാനാവും. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സാണ് ഉപയോഗിക്കുന്നതെങ്കില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഇത് സാധ്യമാവുക.
- മൗറീഷ്യസ്
ഒരൊറ്റ ദിവസം കൊണ്ട് കണ്ടു തീര്‍ക്കാവുന്ന ചെറു ദ്വീപു രാഷ്ട്രമാണ് മൗറീഷ്യസ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് ഒരു ദിവസത്തേക്ക് മാത്രമാണ് മൗറീഷ്യസില്‍ നിയമപരമായ അംഗീകാരമുള്ളത്.
- ഐസ്‌ലന്‍ഡ്
ഇംഗ്ലീഷ് ഭാഷയിലുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഐസ്‌ലന്‍ഡില്‍ ഉപയോഗിക്കാനാവും. അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സുകളും ഐസ്‌ലന്‍ഡില്‍ വാഹനം ഓടിക്കാന്‍ ഉപയോഗിക്കാം.
- അയര്‍ലന്‍ഡ്
ഇന്ത്യന്‍ഡ്രൈവിങ് ലൈസന്‍സിന് 12 മാസം വരെ നിയമപരമായി അനുമതിയുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഇതിനുശേഷം അയര്‍ലാന്‍ഡ് ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല