സ്വന്തം ലേഖകൻ: ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബുഭീഷണി. ഡൽഹിയിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെടാനിരുന്ന 6E2211 നമ്പർ വിമാനത്തിന് നേരെയായിരുന്നു ബോംബുഭീഷണി. 176 യാത്രക്കാരുമായി ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
റൺവേയിൽനിന്ന് പറന്നുയരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജീവനക്കാർക്ക് ഭീഷണി സംബന്ധിച്ച വിവരം ലഭിക്കുകായായിരുന്നു. ഇതോടെ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി. ബോംബുഭീഷണിയെ കുറിച്ചുള്ള വിവരം ഐജിഐ വിമാനത്താവളത്തിൽ നിന്നും ലഭിച്ചു.
‘ബോംബ് ബ്ലാസ്റ്റ് അറ്റ് 30 മിനിറ്റ്’ എന്ന് എഴുതിയ കടലാസ് ശുചിമുറിയിൽനിന്ന് പൈലറ്റാണ് കണ്ടെത്തിയത്. കൂടുതൽ പരിശോധനക്കായി വിമാനം പ്രത്യേക ഭാഗത്തേക്ക് കൊണ്ടുപോയി. എന്നാൽ, പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്’, അധികൃതർ പറഞ്ഞു.
ഈ മാസം 15-ന് എയർ ഇന്ത്യ വിമാനത്തിലും സമാന സംഭവം നടന്നിരുന്നു. ‘ബോംബ്’ എന്നായിരുന്നു അന്ന് വിമാനത്തിനുള്ളിൽ ടിഷ്യൂ പേപ്പറിൽ എഴുതി വെച്ചിരുന്നത്. എന്നാൽ സന്ദേശം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഡൽഹിയിലെ നിരവധി സ്കൂളുകളിലും ആശുപത്രികളിലും അടുത്തിടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല