1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2024

സ്വന്തം ലേഖകൻ: നത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ വന്‍ നാശനഷ്ടം. നഗരത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും വെള്ളം കയറി. രാവിലെ മുതല്‍ അതിശക്തമായ മഴയില്‍ കളമശ്ശേരിയില്‍ മാത്രം രണ്ട് മണിക്കൂറിനിടെ 150 മില്ലി മീറ്റര്‍ മഴ പെയ്തു. കൊച്ചിയില്‍ ഉണ്ടായത് ലഘുമേഘ വിസ്‌ഫോടനമെന്ന കാലാവസ്ഥാ വിദഗ്ധന്‍ ഡോ എസ് അഭിലാഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനമെന്ന് പറയുന്നത്.

രാജ്യത്ത് ഇത്തവണ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാധാരണ ലഭിക്കുന്ന 87 സെന്റീമീറ്ററില്‍ 6%ത്തിലധികമെങ്കിലും മഴ ഇക്കുറി ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹോപാത്ര അറിയിച്ചു. മണ്‍സൂണ്‍ സാഹചര്യങ്ങള്‍ കേരളത്തിന് അനുകൂലമാണ്. അടുത്ത അഞ്ചുദിവസത്തിനകം മണ്‍സൂണ്‍ മഴ ലഭ്യമായി തുടങ്ങും.ര ാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പെയ്ത മഴ അസാധാരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റോഡുകളിൽ വൻ ഗതാഗതക്കുരുക്ക്. കൂടുതൽ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരും പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്നാണ് മരം കടപുഴകി വീണത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്.

അതേസമയം, കേരളത്തിൽ ഇത്തവണ അതിവർഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കേന്ത്യയിലും മധ്യേന്ത്യയിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. ജൂണിലും കൂടുതൽ മഴ പ്രതീക്ഷിക്കാം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മൺസൂൺ രണ്ടാം ഘട്ട പ്രവചനത്തിലാണ് നിരീക്ഷണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേർന്നേക്കും.

കോട്ടയത്ത് തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലേർട്ട് തുടരുകയാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.