സ്വന്തം ലേഖകൻ: നാഷണല്‍ സര്‍വ്വീസ് നിര്‍ബന്ധിതമായി നടപ്പാക്കി യുവാക്കള്‍ക്ക് ദേശസ്നേഹം നല്‍കാനുള്ള പദ്ധതിക്ക് പിന്നാലെ പെന്‍ഷന്‍കാര്‍ക്ക് പുതിയ ഉത്തേജന പാക്കേജുമായി റിഷി സുനാക് . സ്റ്റേറ്റ് പെന്ഷന് നേടുന്നവര്‍ക്ക് പ്രതിവര്‍ഷം 2000 പൗണ്ട് വരെ ലാഭം നല്‍കുന്നതാണ് പദ്ധതി. ഇതിന് തന്നെ വീണ്ടും തെരഞ്ഞെടുക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.
പെന്‍ഷനിലെ ട്രിപ്പിള്‍ ലോക്കിന് പുറമെ ടാക്സ് അലവന്‍സും വര്‍ദ്ധിപ്പിച്ചാണ് പ്രായമായവര്‍ക്ക് സമാധാനവും, സുരക്ഷയും നല്‍കുക. പെന്‍ഷന്‍കാര്‍ ഇന്‍കം ടാക്സ് നല്കിത്തുടങ്ങുന്ന പരിധിയും ഉയര്‍ത്തും. അടുത്ത ഏപ്രില്‍ മുതല്‍ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് സുപ്രധാന വോട്ട് ബാങ്കിനെ ആകര്‍ഷിക്കാന്‍ സുനാക് പരിശ്രമിക്കുന്നത്.
ലേബര്‍ പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിയാണ് ഈ പദ്ധതി. സ്റ്റേറ്റ് പെന്ഷന് പുറമെ അലവന്‍സും വര്‍ദ്ധിപ്പിച്ചാണ് പദ്ധതി. 2029-ഓടെ സ്റ്റേറ്റ് പെന്ഷന് 1677 പൗണ്ട് വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രവചനം. കൂടാതെ ടാക്സ് ഫ്രീ അലവന്‍സ് ആ സമയത്ത് പ്രതിവര്‍ഷം 275 പൗണ്ടായും വര്‍ദ്ധിക്കും.
അടുത്ത വര്‍ഷം മാത്രം ശരാശരി പെന്‍ഷനറുടെ സ്റ്റേറ്റ് പെന്ഷന് 428 പൗണ്ട് വര്‍ദ്ധിക്കും. കൂടാതെ 95 പൗണ്ടിന്റെ ഇന്‍കം ടാക്സ് കുറവും ലഭിക്കും. കണ്‍സര്‍വേറ്റീവുകളുടെ ട്രിപ്പിള്‍ ലോക്കിന്റെ ബലത്തിലാണ് ഈ വര്‍ഷം പെന്ഷന് 900 പൗണ്ട് ഉയര്‍ന്നതെന്ന് ഋഷി സുനാക് ചൂണ്ടിക്കാണിച്ചു. അടുത്ത വര്‍ഷം 100 പൗണ്ടോളം പെന്‍ഷന്‍കാരുടെ നികുതി കുറയ്ക്കുകയും ചെയ്യും.
നാഷണല്‍ സര്‍വ്വീസ് നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ച് ചെറുപ്പക്കാരെ അകറ്റിയെങ്കിലും ഇതിലൂടെ പ്രായമായ തലമുറയുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെയാണ് പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ നടപടി പ്രഖ്യാപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല