സ്വന്തം ലേഖകൻ: 1999-ല്‍ ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായി സമ്മതിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാര്‍ഗില്‍ യുദ്ധത്തിനു വഴിതുറന്നത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും താനും ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായിരുന്നെന്നും നവാസ് ഷെരീഫ് പറഞ്ഞു.
‘1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങള്‍ നടത്തി. അതിനുശേഷം വാജ്‌പേയി ഇവിടെവന്ന് നമ്മളുമായി കരാറുണ്ടാക്കി. ഈ കരാര്‍ ലംഘിച്ചത് നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്’, ഷരീഫ് പാകിസ്താന്‍ മുസ്ലീം ലീഗ് (പി.എം.എല്‍-എന്‍) യോഗത്തില്‍ പറഞ്ഞു. സുപ്രീം കോടതി അയോഗ്യനാക്കി ആറ് വര്‍ഷത്തിന് ശേഷമാണ് നവാസ് ഷരീഫിനെ ഭരണകക്ഷിയുടെ പ്രസിഡന്റായി ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തത്.
1999 ഫെബ്രുവരി 21-നാണ് ഷരീഫും വാജ്പേയിയും ലാഹോര്‍ കരാറില്‍ ഒപ്പുവച്ചത്. എന്നാൽ, കരാര്‍ ഒപ്പിട്ട് മാസങ്ങള്‍ക്കു ശേഷം കാര്‍ഗിലിലേക്ക് പാകിസ്താൻ സേന കടന്നുകയറുകയായിരുന്നു. ‘ആണുവായുധ പരീക്ഷണങ്ങള്‍ നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പാകിസ്താന് അഞ്ചു ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാനത് നിരസിച്ചു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ വാഗ്ദാനം സ്വീകരിക്കുമായിരുന്നു’, നവാസ് ഷരീഫ് പറഞ്ഞു.
2017-ല്‍ അന്നത്തെ പാകിസ്താൻ ചീഫ് ജസ്റ്റിസ് സാഖിബ് നിസാര്‍ കള്ളക്കേസിൽ കുടുക്കിയാണ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയതെന്നും നവാസ് ഷെരീഫ് ആരോപിച്ചു. തനിക്കെതിരായ എല്ലാ കേസുകളും നിഷേധിച്ച നവാസ്, ഇമ്രാന്‍ ഖാനെതിരെയുള്ള കേസുകള്‍ സത്യമാണെന്നും പറഞ്ഞു. 2017-ല്‍ തന്റെ സര്‍ക്കാരിനെ താഴെയിറക്കി ഇമ്രാന്‍ ഖാനെ അധികാരത്തിലെത്തിച്ചതില്‍ മുന്‍ ഐ.എസ്.ഐ മേധാവി സാഹിറുള്‍ ഇസ്ലാമിന് പങ്കുണ്ടെന്നും നവാസ് ഷെരീഫ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല