അലക്സ് വര്‍ഗ്ഗീസ് (നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മയുടെ ആഭിമുഖ്യത്തില്‍ 2024 ആഗസ്റ്റ് 31ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന “കേരളാ പൂരം 2024″ലേയ്ക്ക് സ്പോണ്‍സര്‍ഷിപ്പ്, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 2017ല്‍ ആരംഭിച്ച് കോവിഡിന്റെ രണ്ട് വര്‍ഷം ഒഴികെ എല്ലാ വര്‍ഷങ്ങളിലും ചിട്ടയായി നടത്തപ്പെട്ട മത്സരവള്ളംകളി വീക്ഷിക്കുവാനെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഇത്തവണയും ഉദ്ദേശം പതിനായിരത്തിലധികം ആളുകള്‍ കാണികളായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതുവരെ നടന്ന എല്ലാ വള്ളംകളി മത്സരങ്ങള്‍ക്കും ആളുകള്‍ എത്തുന്ന കാറുകള്‍ക്കും വിവിധ ടീമുകള്‍ എത്തിച്ചേര്‍ന്ന കോച്ചുകള്‍ക്കും പരാതിയ്ക്കിട നല്‍കാത്ത വിധം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയാണ് യുക്‌മ സംഘാടക മികവ് പ്രകടമാക്കിയത്. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് പാര്‍ക്കിങ് അനുവദിച്ചിരുന്നത്. ഇത്തവണയും പരിപാടി വീക്ഷിക്കാനെത്തുന്നവർക്കും, മത്സരാർത്ഥികൾക്കും സൗജന്യ പാര്‍ക്കിംഗ് ഒരുക്കുവാനാണ് സംഘാടകസമിതിയുടെ തീരുമാനം.
70,000ലധികം പൗണ്ട് “കേരളാ പൂരം 2024″ന് ചെലവ് വരുമെന്നാണ് കരുതപ്പെടുന്നത്. യു.കെ മലയാളികളുടെ പൊതുപരിപാടികളില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ ബജറ്റില്‍ സംഘടിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയുള്ള ഈ പരിപാടിയ്ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് പൂര്‍ണ്ണമായും തുക കണ്ടെത്തേണ്ടത്. വള്ളംകളിയെയും യുക്‌മയുടെ പ്രവര്‍ത്തനങ്ങളെയും സ്നേഹിക്കുന്ന ആളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഡൊണേഷന്‍ ആയും സാമ്പത്തിക സഹായം സ്വീകരിക്കുവാന്‍ സംഘാടകസമിതി തീരുമാനിച്ചിട്ടുണ്ട്. 500 പൗണ്ടോ അതിലധികമോ വരുന്ന തുകയാണ് ഡോണേഷന്‍ എന്ന വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നത്. സ്പോണ്‍സര്‍മാര്‍ക്ക് സ്റ്റാളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്ത് അനുവദിക്കുന്നതാണ്. ഡൊണേഷന്‍ നല്‍കുന്നവര്‍ക്കും പ്രത്യേക പരിഗണന ഉണ്ടായിരിക്കും. സ്പോണ്‍സര്‍മാര്‍, ഡൊണേഷന്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയുന്നതിന് ചുമതലയുള്ളവരെ ബന്ധപ്പെടാവുന്നതാണ്.
“കേരളാ പൂരം 2024″നോട് അനുബന്ധിച്ച് മലയാളി ബിസ്സിനസ്സുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ ചീഫ് ഓര്‍ഗനൈസര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ വ്യക്തമാക്കി. കേരളത്തിന്റെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുന്ന യു.കെ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കാണ് ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവലില്‍ സ്റ്റാളുകളും മറ്റും സജ്ജീകരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നത്. വള്ളംകളി മത്സരത്തിനൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കൂടാതെ കേരളീയ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന വിപുലമായ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇതിനു പുറമെയാണ് ടൂറിസം മേഖലയുടെ വികസനത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനായി മലയാളി ബിസ്സിനസുകള്‍ക്കും അവസരം ഒരുക്കുന്നത്.
സാധാരണ ഇത്തരം പരിപാടികളില്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സ്റ്റാളുകളും മറ്റും ഒരുക്കുന്നതിന് അവസരം ലഭ്യമാകുന്നത്. എന്നാല്‍ യുക്മ ഒരു ജനകീയ സംഘടന എന്ന നിലയില്‍ ഇതുമായി സഹകരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് സ്വാഗതസംഘം ഈ തീരുമാനമെടുത്തത്. ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം പാക്കേജ്, ആയുര്‍വേദ സെന്ററുകള്‍, റസ്റ്റോറന്റുകള്‍, കേരളാ ഫുഡ് – സ്പൈസസ് ഷോപ്പുകള്‍ എന്നീ മേഖലകളിലുള്ള യു.കെയിലെ ചെറുകിട ബിസ്സിനസ്സുകള്‍ക്കാണ് പ്രത്യേക പരിഗണന നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുള്ളത്. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ സ്റ്റാളുകള്‍ നല്‍കുന്നതിനൊപ്പം തന്നെ ഇവന്റ് വെബ്സൈറ്റിലും ഈ ബിസ്സിനസ്സ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതായിരിക്കും.
സ്പോണ്‍സര്‍ഷിപ്പ്, ഡോണേഷന്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ഫിനാന്‍സ് കണ്‍ട്രോളര്‍ ഡിക്സ് ജോര്‍ജ്ജ്: 07403312250, എബ്രാഹം പൊന്നുംപുരയിടം: 07703737073, ഷാജി തോമസ്: 07737736549, സണ്ണിമോന്‍ മത്തായി: 07727993229 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
“യുക്മ – കേരളാ പൂരം 2024”: കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്): 07904785565, കുര്യന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍: 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല