സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികൾക്ക് പുതിയ വീസ എടുക്കാനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഇനി ഓൺലൈനായി സ്വയം രജിസ്റ്റർ ചെയ്യാം. പ്രവാസികളുടെ മെഡിക്കല്‍ പരിശോധന സുതാര്യമാക്കാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പുതുതായി അവതരിപ്പിച്ച മെഡിക്കല്‍ ഫിറ്റ്നസ് സര്‍വീസ് (എംഎഫ്എസ്) സംവിധാനം നിലവിൽ വന്നതോടെയാണ് ഇത് .
എംഎഫ്എസില്‍, പ്രവാസികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ സനദ് ഓഫീസുകള്‍ വഴിയും രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാകും. വാഫിഡ് പ്ലാറ്റ്‌ഫോം വഴി രേഖകള്‍ പരിശോധിക്കാവുന്നതാണ്. നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും മെഡിക്കല്‍ പരിശോധനകളുടെ സമഗ്രത ഉറപ്പാക്കാനും എംഎഫ്എസിലൂടെ സാധിക്കും. റോയല്‍ ഒമാന്‍ പോലീസ് വെബ്സൈറ്റ് വഴിയും വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
പുതിയ സംവിധാനത്തിൽ ഓഫീസുകളിൽ നേരിട്ട് ചെല്ലുന്നതിന് പകരം ഓൺലൈനായി രജിസ്റ്റർ ചെയ്യാം എന്നതിനാൽ അപേക്ഷകർക്ക് ഏറെ സമയം ലഭിക്കാനാകും. ഇതിനുപുറമേ മെഡിക്കല്‍ പരിശോധനയുടെ സുതാര്യത ഉറപ്പാക്കാനും അതുവഴി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിനും പുതിയ സംവിധാനം സഹായിക്കും എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പുതിയ സംവിധാനത്തില്‍ എക്‌സ്‌റേ എടുക്കേണ്ട ആവശ്യമില്ല. പകരം, ഇഖ്റ ടെസ്റ്റ് (രക്തപരിശോധന) പൂര്‍ത്തിയാക്കിയാൽ മതിയാവും.
മെഡിക്കല്‍ ഫിറ്റ്നസ് സര്‍വീസ് സംവിധാനം നിലവിൽ വന്നതോടെ അപേക്ഷകരുടെ വിരലടയാളവും ഫോട്ടോയും ബന്ധപ്പെട്ട വീസ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. എംഎഫ്എസ് വഴി, ആരോഗ്യ മന്ത്രാലയത്തിൻ്റെ സിസ്റ്റത്തിലേക്ക് നേരിട്ട് അവ അപ്ലോഡ് ചെയ്യാന്‍ കഴിയും. മെയ് 27 ചൊവ്വാഴ്ച മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
പുതിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍വീസ് സംവിധാനം പ്രവാസികള്‍ക്കുള്ള വീസ മെഡിക്കല്‍ നടപടിക്രമങ്ങളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇത് പാലിക്കുന്നത് കൂടുതൽ സമയവും അധ്വാനവും ലാഭിക്കാന്‍ സഹായിക്കുമെന്നും വീസ മെഡിക്കല്‍ ചുമതലയുള്ള റൂവി ഹാനി ക്ലിനിക്കിലെ ഡോ. മയബ്ബു ബീരി പറഞ്ഞു.
പുതിയ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതിനായി സനദ് ഓഫീസിൽ ചെന്ന് തങ്ങളുടെ പി കെ ഐ എനേബിൾഡ് സിം കാർഡുമായി റസിഡന്റ് കാര്‍ഡുകളെ ബന്ധിപ്പിക്കണം. ഇത് ഒരു തവണ മാത്രം ചെയ്താൽ മതിയാകും. ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍, സേവനത്തിനായുള്ള പണമടയ്ക്കല്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയുമെന്നതിനാല്‍, മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രവാസിക്ക് സനദ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനാകും.
മെഡിക്കല്‍ സെന്ററില്‍ ചെന്നുള്ള ശാരീരിക പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പഴയപടി തുടരും. വീസ പുതുക്കുമ്പോള്‍ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്ന പ്രവാസികള്‍ക്കായി ആരോഗ്യ മന്ത്രാലയം നേരത്തെ സെല്‍ഫ് സര്‍വീസ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.
പ്രവാസികള്‍ക്കും കമ്പനികള്‍ക്കും റെസിഡന്‍സി പുതുക്കുന്നതിനും റസിഡൻസി കാർഡ് എടുക്കുന്നതിനും ആവശ്യമായ മെഡിക്കല്‍ പരിശോധനാ ഫലം എളുപ്പത്തില്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ സേവനം അവതരിപ്പിച്ചത്. ആദ്യമായി വീസ എടുക്കുമ്പോഴും അത് പുതുക്കുമ്പോഴും ഈ സേവനം ഉപയോഗപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല