1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജൂലൈ 4 ന് തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മുൻപ് പണിമുടക്ക് നടത്താൻ എൻഎച്ച്എസിലെ ജൂനിയർ ഡോക്ടർ തയാറെടുക്കുന്നു. ജൂലൈ 27 ന് രാവിലെ 7 മുതൽ 5 ദിവസത്തെ പണിമുടക്ക് നടത്തുമെന്നാണ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളായ ജൂനിയർ ഡോക്ടർമാരുടെ പ്രഖ്യാപനം.

ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ ശമ്പള വർധനവിനെ ചൊല്ലി സർക്കാരുമായി ദീർഘകാലമായി ചർച്ച നടത്തി വരികയാണ്. എന്നാൽ ചർച്ച ഒരു ഘട്ടത്തിൽ പോലും വിജയിച്ചില്ലന്നും മേയ് പകുതിയോടെ പുതിയ ചർച്ചകൾ ആരംഭിച്ചതിന് ശേഷവും സർക്കാർ ശമ്പള വർധനവിന്റെ കാര്യത്തിൽ പിന്നോട്ട് പോവുകയാണെന്നും ബിഎംഎ ആരോപിച്ചു.

പണിമുടക്കിന്റെ സമയം ‘അവിശ്വസനീയമാം വിധം രാഷ്ട്രീയ പ്രേരിതമായി തോന്നിപ്പിക്കുന്നു’ എന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചകൾ തുടരാമായിരുന്നുവെന്നും മന്ത്രിമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ചുമതലകളിൽ വ്യാപൃതരായതിനാൽ പണിമുടക്ക് നടത്തുന്നത് ശരിയല്ലെന്നുമാണ് ഋഷി സുനകിന്റ വാദം.

പണപ്പെരുപ്പത്തിന് അനുസൃതമായി ബിഎംഎ 35% ശമ്പള വർധനവാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 2023 മാർച്ചിലെ ആദ്യ പണിമുടക്കിന് ശേഷം ജൂനിയർ ഡോക്ടർമാരുടെ പതിനൊന്നാമത്തെ പണിമുടക്കാണ് ഇത്. അവസാനത്തേത് ഫെബ്രുവരിയിലാണ് നടന്നത്. പണിമുടക്ക് നടന്നാൽ ജൂനിയർ ഡോക്ടർമാർ എൻഎച്ച്എസ് സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ബിഎംഎ ഭാരവാഹികൾ പറഞ്ഞു.

ശമ്പള വർധനയ്ക്കായി കഴിഞ്ഞ 18 മാസത്തിലേറെയായി സർക്കാരുമായി ചർച്ച നടത്തുന്നു എന്ന് ബിഎംഎ ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റി കോ-ചെയർമാരായ ഡോ. റോബർട്ട് ലോറൻസണും ഡോ.വിവേക് ​​ത്രിവേദിയും പറഞ്ഞു. ഈ മാസം ബിഎംഎ സർക്കാരുമായി മധ്യസ്ഥതയിൽ ഏർപ്പെട്ടപ്പോൾ ഒരു പ്രവർത്തനക്ഷമമായ സർക്കാർ ഉണ്ടെന്ന ധാരണ ഉണ്ടായിരുന്നുവെന്നും എന്നാൽ ശബള വർധനന നൽകാഞ്ഞത് നിരാശപ്പെടുത്തിയെന്നും ഇരുവരും കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസാന ഘട്ടത്തിൽ പോലും എൻഎച്ച്എസിനെക്കുറിച്ചും അതിലെ തൊഴിലാളികളെക്കുറിച്ചും തനിക്ക് താൽപ്പര്യമുണ്ടെന്ന് കാണിക്കാൻ ഋഷി സുനകിന് അവസരമുണ്ടെന്നും അതിനായി മികച്ച പ്രഖ്യാപനങ്ങൾ നടത്തി പണിമുടക്ക് ഒഴിവാക്കാൻ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.