സ്വന്തം ലേഖകൻ: ‘നിങ്ങള്‍ക്ക് ഒരു പാര്‍ട്ട് ടൈം ജോലിയില്‍ താല്‍പ്പര്യമുണ്ടോ? ഈ ജോലി വളരെ ലളിതമാണ്. നിങ്ങള്‍ ഗൂഗിള്‍ മാപ്സില്‍ പ്രവേശിച്ച് ചില റെസ്റ്റോറന്റുകള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കണം. ഒരു ടാസ്ക്കിന് ഞങ്ങള്‍ 10 ദിര്‍ഹം-400 ദിര്‍ഹം പ്രതിഫലമായി നല്‍കും. ഇതിലൂടെ, നിങ്ങള്‍ക്ക് പ്രതിദിനം 2,000 ദിര്‍ഹം വരെ സമ്പാദിക്കാം.’ – വാട്ട്സ്ആപ്പ് വഴിയോ എസ്എംഎസ് ആയോ ഇതുപോലുള്ള ഒരു സന്ദേശം ലഭിക്കുന്നുവെങ്കില്‍ മനസ്സിലാക്കുക, ആഗോളതലത്തില്‍ നടക്കുന്ന വന്‍ തട്ടിപ്പിലേക്കുള്ള ഒരു ചൂണ്ടയാണിത്.
ദുബായിലെ ഒരു ഹോട്ടല്‍ വ്യവസായിയായ ഇന്ത്യന്‍ പ്രവാസി ഹെലന് (യഥാര്‍ത്ഥ പേരല്ല) ഇത്തരം ഒരു തട്ടിപ്പിന്റെ അവസാന ഇരകളില്‍ ഒരാളാണ്. തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ 66,000 ദിര്‍ഹമാണ് ഇത്തരമൊരു തട്ടിപ്പിലൂടെ അവര്‍ക്ക് നഷ്ടമായത്.
ചെറിയ ചെറിയ ഓണ്‍ലൈന്‍ ടാസ്കുകള് പൂര്‍ത്തീകരിക്കുന്നതു വഴി മോശമല്ലാത്ത കമ്മീഷനുകള്‍ ലഭിക്കുമെന്നതായിരുന്നു ഹെലന് ലഭിച്ച സന്ദേശം. ലളിതമായ ഡിജിറ്റല്‍ ടാസ്ക്കുകളുടെ ആദ്യ സെറ്റ് പൂര്‍ത്തിയാക്കിയ തനിക്ക്, മുന്‍കൂറായി പണമോ മറ്റോ നല്‍കാതെ തന്നെ ഒരു ക്രിപ്റ്റോ വാലറ്റ് വഴി 175 ദിര്‍ഹം ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റായതായി അവര്‍ പറഞ്ഞു.
ഇതില്‍ വീണു പോയ അവര്‍, കൂടുതല്‍ ഓണ്‍ലൈന്‍ ടാസ്ക്കുകള് ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. എന്നാല്‍ അതിന്റെ കമ്മീഷന് ലഭിക്കണമെങ്കില്‍ വാലറ്റ് ടോപ്പ് അപ്പ് ചെയ്യണമെന്ന നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവച്ചു. അങ്ങനെ 488 ദിര്‍ഹം നല്കി വാലെറ്റ് ടോപ്പപ് ചെയ്തു. തുടര്‍ന്ന് കമ്മീഷനായി 350 ദിര്‍ഹം അക്കൗണ്ടിലെത്തുകയും ചെയ്തു.
തുടര്‍ന്നുള്ള ജോലികള്‍ക്ക് 300 ദിര്‍ഹം മുതല്‍ 749 ദിര്‍ഹം വരെ ടോപ്പ് അപ്പുകള്‍ ആവശ്യമായി വന്നു. അതിവേഗം ടാസ്ക്കുകള് പൂര്‍ത്തിയാക്കി ലഭ്യമായ പണം പിന്‍വലിക്കാമെന്ന് കരുതിയ ഹെലന് പക്ഷെ തെറ്റി. അതുവരെ പൂര്‍ത്തിയാക്കിയ ടാസ്ക്കുകള്‍ക്ക് തനിക്ക് കമ്മീഷനായി ലഭിക്കേണ്ട 99,000 ദിര്‍ഹം പിന്‍വലിക്കാന്‍ കഴിയണമെങ്കില്‍ മൊത്തം 46,000 ദിര്‍ഹം ടോപ്പപ്പ് ചെയ്യണമെന്ന് അവര്‍ വാദിച്ചതിനെ തുടര്‍ന്ന് അതും നല്കി. അതിനു ശേഷം ഫണ്ട് ലഭിക്കണമെങ്കില്‍ 20,000 ദിര്‍ഹം പണത്തിനുള്ള നികുതിയായി അടയ്ക്കണമെന്നായി.
അല്ലാത്ത പക്ഷം പണം പിന്‍വിക്കാന്‍ കഴിയില്ലെന്നും സന്ദേശം വന്നു. നിവൃത്തിയില്ലാതെ 20,000 ദിര്‍ഹം നികുതിയും അടച്ചു. അതുകഴിച്ച് ബാക്കി തുക കിട്ടുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ബാക്കി ഫണ്ട് റിലീസ് ചെയ്യുന്നതിനുപകരം, തട്ടിപ്പുകാര്‍ 60 പുതിയ ടാസ്ക്കുകള് അപ്ലോഡ് ചെയ്യുകയായിരുന്നു. അവ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പണം പിന്‍വലിക്കാനാവൂ എന്നായിരുന്നു തുടര്‍ന്നുള്ള അറിയിപ്പ്. അപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവുണ്ടായതെന്നും അവര്‍ പറഞ്ഞു.
ഇതൊന്നും ഹെലന്റെ ഭര്‍ത്താവ് അറിയുന്നുണ്ടായിരുന്നില്ല. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രയാസത്തിലായ ഭര്‍ത്താവിന് ഇതിലൂടെ കുറച്ച് അധിക വരുമാനമുണ്ടാക്കി സര്‍പ്രൈസ് നല്‍കാമെന്ന ചിന്തയായിരുന്നു അവര്‍ക്ക്. ജീവിത പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ അധിക വരുമാനം സഹായിക്കുമെന്ന് അവര്‍ കരുതി.
എന്നാല്‍ തന്റെ ആകെയുള്ള ജീവിത സമ്പാദ്യം മുഴുവന്‍ ഈ ഓണ്‍ലൈന്‍ തട്ടിപ്പുമാഫിയയുടെ കൈയിലെത്തുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഏതായാലും നഷ്ടമായ തന്റെ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും മറ്റുള്ളവര്‍ ഇത്തരം കെണികളില്‍ വീണുപോവരുതെന്ന് ഓര്‍മിപ്പിക്കാനാണ് താന്‍ ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല