സ്വന്തം ലേഖകൻ: ഏഴു ഘട്ടങ്ങളിലായി നിശ്ചയിച്ച 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും. രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ഫലമറിയാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. 80 ദിവസം നീണ്ട പ്രചാരണത്തിനൊടുവിൽ, എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 57 സീറ്റുകളിലെ വോട്ടെടുപ്പോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശനിയാഴ്ച വൈകിട്ടോടെ പരിസമാപ്തിയാകും.
ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. 1951-52ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പാർലമെന്റ് തിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്ത് വന്ന കണക്ക് പ്രകാരം 40.09% പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ഹിമാചൽ പ്രദേശിൽ. 48.63% പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ് ബിഹാറിലാണ് (35.65%). പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോളിങ്ങ് 40 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി.
വോട്ടെടുപ്പ് അവസാനിച്ച ശേഷം എക്സിറ്റ് പോളുകളിലേക്കും ജൂൺ നാലിന് പുറത്തുവരുന്ന അന്തിമ ഫലങ്ങളിലേക്കും രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തിരിയും. പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും അവസാന ഘട്ടത്തോടെ ഒറ്റയടിക്ക് പോളിങ് പൂർത്തിയാകും. ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കുന്ന ജാർഖണ്ഡും ഒഡീഷയുമാണ് ബൂത്തിലെത്തുന്ന മറ്റ് സംസ്ഥാനങ്ങൾ. അവസാന ഘട്ട തിരഞ്ഞെടുപ്പിൽ 904 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
2019ൽ ഈ 57 സീറ്റുകളിൽ യഥാക്രമം 19 സീറ്റുകൾ പ്രതിപക്ഷമായ ഇന്ത്യ മുന്നണിയും, 30 സീറ്റുകൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും ചേർന്നാണ് നേടിയത്. ഇതിൽ 25 മണ്ഡലങ്ങളിൽ ബിജെപി ഒറ്റയ്ക്കാണ് വിജയിച്ചത്. ഇന്ത്യ സഖ്യത്തിലുള്ള തൃണമൂൽ കോൺഗ്രസും, കോൺഗ്രസും യഥാക്രമം ഒമ്പത്, എട്ട് സീറ്റുകളാണ് നേടിയത്. ഒഡിഷയിൽ ബിജു ജനതാദൾ നാല് സീറ്റും, യുപിയിൽ ബിഎസ്പി രണ്ട് സീറ്റും, പഞ്ചാബിൽ ശിരോമണി അകാലിദൾ രണ്ട് സീറ്റും 2019ൽ നേടിയിരുന്നു.
ഈ 57 മണ്ഡലങ്ങളിൽ വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ 37.52% വോട്ട് നേടിയപ്പോൾ, എൻഡിഎ മുന്നണി 39.03% വോട്ടുകളാണ് 2019ൽ നേടിയത്. 2014ൽ ഇതിൽ 39 സീറ്റുകൾ എൻഡിഎയും 11 സീറ്റുകൾ ഇന്ത്യ സഖ്യകക്ഷികളും നേടിയിരുന്നു.10 സീറ്റുകളിൽ മറ്റ് പാർട്ടികളാണ് വിജയിച്ചത്.
അതേസമയം, പശ്ചിമ ബംഗാളിലാണ് വോട്ടെടുപ്പിന് ഇടയില്‍ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വിവിപാറ്റ് മെഷീനുകള്‍ അക്രമികള്‍ തോട്ടിലെറിഞ്ഞു. അധികമായി എത്തിച്ച വോട്ടിങ് യന്ത്രമാണ് അക്രമികള്‍ നശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ , പോളിങ് ബൂത്തുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്റുമാരെ തടയുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല