1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2024

സ്വന്തം ലേഖകൻ: കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും. എന്നാൽ എക്സിറ്റ് പോൾ സർവേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപിയുടെ അത്ഭുത മുന്നേറ്റം ആണ്‌ കേരള എക്സിറ് പോളിന്‍റെ ഹൈ ലൈറ്റ്. കേരളത്തില്‍ താമര വിരിയുമെന്ന പ്രവചനമത്തിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്.

ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15ശതമാനത്തില്‍ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. മൊത്തം നമ്പറിൽ നേട്ടം പറയുന്നു എങ്കിലും ബിജെപി മുന്നേറ്റം പാടെ തള്ളുകയാണ് യുഡിഎഫ്. ബിജെപിക്ക് സാധ്യത പറഞ്ഞ സീറ്റിൽ എല്ലാം ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

എല്‍ഡിഎഫിന് കേരളത്തില്‍ വൻ തകർച്ചയുണ്ടാകുമെന്ന പ്രവചനത്തിനിടെ ബിജെപി നേട്ടമുണ്ടാക്കുമെന്നുള്ള പ്രവചനങ്ങളും ഇടതുപക്ഷത്തിന് ഇരട്ടി പ്രഹരം ആയി . അത് കൊണ്ട് തന്നെ എല്‍ഡിഎഫും പ്രവചനം പാടെ തള്ളുകയാണ്. ഒരു സീറ്റും ബിജെപിക്ക് കിട്ടില്ലെന്നും യഥാര്‍ത്ഥ ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നുമാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം. എന്നാൽ മോദി തരംഗം കേരളത്തിലും വീശി എന്ന് വിശ്വസിക്കുകയാണ് ബിജെപി നേതാക്കള്‍. രണ്ടക്ക സീറ്റ് എന്നൊക്കെ പറഞ്ഞെങ്കിലും മൂന്നു ആയിരുന്നു പോളിംഗിന് ശേഷം ഉള്ള പാർട്ടി കണക്ക്. അത് ശരി വെച്ചാണ് ഫലങ്ങളെന്നും കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.’

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ പാര്‍ട്ടികള്‍ക്കിടയില്‍ കൂട്ടിക്കിഴിക്കലുകളും സജീവമാണ്. രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് എക് സിറ്റ് പോള്‍ പ്രവചനം. ഇന്നലെ വൈകിട്ട് ആറിനുശേഷമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നുമാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്നും കോണ്‍ഗ്രസിന് ആശ്വസിക്കാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും മികച്ച സാന്നിധ്യമായി ബിജെപി മാറാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.

മുന്നൂറ്റി അന്‍പതിനും നാനൂറിനും ഇടയില്‍ സീറ്റ് എന്‍ഡിഎ നേടുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്. ചാര്‍ സൗ പാറന്നെ ബിജെപിയുടെ മുദ്രാവാക്യം ഇന്ത്യടുഡെ ആക്സിസ് മൈ ഇന്ത്യ, ഇന്ത്യ ടിവി, ടുഡെയ്സ് ചാണക്യ സര്‍വേകള്‍ ശരിവെക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിന് 166 വരെ സീറ്റുകള്‍ കിട്ടാമെന്നാണ് പ്രവചനം. തെക്കെ ഇന്ത്യയില്‍ ഇത്തവണ മോദി നടത്തിയ പരീക്ഷണങ്ങള്‍ വിജയമായിരുന്നുവെന്നും സര്‍വേകള്‍ ശരിവെയ്ക്കുകയാണ്.

കേരളത്തില്‍ ഒന്ന് മുതല്‍ നാല് സീറ്റ് വരെയും തമിഴ്നാട്ടില്‍ 1-3 വരെ സീറ്റ് വരെയും തെലങ്കാനയില്‍ 10 സീറ്റുകളും ബിജെപിക്ക് നേടാനാകുമെന്നാണ് പ്രവചനം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് മുന്നോ നാലോ സീറ്റുകള്‍ ഉയര്‍ത്താന്‍ കഴിയുമെന്നുമാണ് പ്രവചനം. മഹാരാഷ്ട്രയിലും ബിജെപിക്ക് കാര്യമായി തകര്‍ച്ചയുണ്ടാകാനിടയില്ല. എന്നാല്‍ മഹാവികാസ് അഘാഡി മികച്ച മത്സരം കാഴ്ച വയ്ക്കുന്നുവെന്നാണ് സര്‍വേകള്‍ പറയുന്നത്. സര്‍വേകളില്‍ ഹിന്ദി ഹൃദയ ഭൂമിയിലും എന്‍ഡിഎയുടെ പകിട്ട് കുറയുന്നില്ല. യുപിയില്‍ എന്‍ഡിഎ സീറ്റുകള്‍ നിലനിര്‍ത്തും.

റായ്ബറേലി സീറ്റില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നാണ് പ്രവചനം. രാജസ്ഥാനില്‍ പൂജ്യത്തില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കുമെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ് എന്‍ഡിഎ തൂത്ത് വാരിയേക്കും. ഒരു സീറ്റ് കിട്ടുമെന്ന പ്രവചനങ്ങള്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മകന്‍ നകുല്‍നാഥ് മത്സരിച്ച ചിന്ദ്വാര സീറ്റിലാകാനാണ് സാധ്യത. ബിഹാറില്‍ ജെഡിയു കൂടി ചേര്‍ന്നത് എന്‍ഡിഎക്ക് നേട്ടമാകാമെന്നാണ് സര്‍വകള്‍.

എന്നാല്‍, കോണ്‍ഗ്രസും ആര്‍ജെഡിയും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയേക്കും. ബംഗാളിലും ഒഡിഷയിലും ബിജെപി വന്‍ നേട്ടം ഉണ്ടാക്കാനാണ് സാധ്യത. ഫലത്തില്‍ എന്‍ഡിഎക്ക് കാര്യമായ പ്രതിസന്ധികളില്ലെന്ന് സര്‍വേകള്‍ വ്യക്തമാക്കുമ്പോള്‍ 60ന് മുകളില്‍ സീറ്റുകളെന്ന ഭൂരിപക്ഷ പ്രവചനത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടാനുള്ള സീറ്റുകള്‍ കിട്ടിയേക്കുമെന്ന് ആശ്വസിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.