തുടക്കം വീരപുത്രനില്‍ നിന്നാണ്. പൃഥ്വിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് വീരപുത്രന്റെ ഒഫീഷ്യല്‍ ലോഞ്ച് പ്രഖ്യാപിക്കപ്പെട്ടത്. എന്നിട്ടും ആ ചിത്രം പൃഥ്വിയുടെ കയ്യില്‍ നിന്ന് വഴുതിപോയി. പകരക്കാരനായി നരേന് എത്തി.
നരേന്റെ വീരപുത്രന് പോരെന്നും പൃഥ്വി ആ റോള്‍ ചെയ്താല്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നും മറ്റുമുള്ള വിവാദങ്ങള്‍ മറുവശത്ത്. എന്നാല്‍ അതിനിടയില്‍ തന്നെ പൃഥ്വിയുടെ കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്ന മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്ന് കൂടി നടന് ഔട്ടായിരിക്കുന്നു.
മുംബൈ പൊലീസില്‍ പൃഥ്വിയെത്തുമെന്നത് ഒരു വാര്‍ത്ത മാത്രമായിരുന്നെങ്കില്‍ മല്ലുസിങ് പൃഥ്വിയെ വച്ച് ഫോട്ടോഷൂട്ട് പോലും പൂര്‍ത്തിയാക്കിയ ചിത്രമാണ്. തികച്ചും വ്യത്യസ്തമായ ഈ കഥാപാത്രം പൃഥ്വിയുടെ അഭിനയ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാകുമായിരുന്നുവെന്ന് കരുതുന്നവര്‍ ഏറെയാണ്.
എന്തായാലും ഡേറ്റ്ക്ലാഷ് എന്നൊരു ന്യായവാദം നിരത്തി പൃഥ്വിയ്ക്ക് ഈ തെറ്റുകളെ മായ്ക്കാനാവില്ല. കൃത്യമായ പ്ലാന്‍ ചെയ്ത് സിനിമയെ ഗൗരവമായി സമീപിയ്ക്കുന്ന നിലയിലേയ്ക്ക് പൃഥ്വി ഇതുവരേയും വളര്‍ന്നിട്ടില്ല എന്നാണ് ഈ പുറത്താകല്‍ അല്ലെങ്കില്‍ പുറത്താക്കല്‍ വിവാദങ്ങള്‍ തെളിയിക്കുന്നത്.
സിനിമാ പാരമ്പര്യം പേറുന്ന ഒരു കുടുംബത്തില്‍ നിന്നെത്തിയ പൃഥ്വിയില്‍ നിന്ന് ഇത്ര ഉത്തരവാദിത്വമില്ലാത്ത ഒരു സമീപനമാവില്ല നിര്‍മ്മാതാക്കളും സംവിധായകരും അടങ്ങുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുക.
ഒരു ഭാഗത്ത് ഓണ്‍ലൈനിലൂടെയും മൊബൈലിലൂടെയും പൃഥ്വിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ അതിനെ മറികടക്കണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കാന്‍ പൃഥ്വിയ്ക്കും കഴിയണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല