കഴിഞ്ഞ ശനിയാഴ്‌ച്ച മാഞ്ചസ്റ്ററില്‍ നടന്ന ഒ.ഐ.സി.സി യു.കെ ദേശീയ പ്രതിനിധി സമ്മേളനത്തില്‍ യു.കെയിലെ മലയാളികളെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ നടപ്പിലാക്കി ലഭിക്കുന്നതിന് അവകാശപ്രമേയം അവതരിപ്പിക്കുകയുണ്ടായി. കെ.പി.സി.സി നിരീക്ഷകന്‍ ജെയ്‌സണ്‍ ജോസഫ് പങ്കെടുത്ത സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് പ്രമേയം പ്രതിനിധി സമ്മേളനം അംഗീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ കെ.പി.സി.സിയോ സഹായിക്കേണ്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടേയും മുന്നണിയിലെ മറ്റ് ഘടകക്ഷി നേതാക്കന്മാരുടേയും സഹായം ലഭ്യമാക്കുന്നതിന് പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീ ജെയ്‌സണ്‍ ഉറപ്പ് നല്‍കി. കൂത്താട്ടുകുളം മണിമലക്കുന്ന് കോളേജിലെ മുന്‍ കൗണ്‍സിലറും, എം.ജി സര്‍വകലാശാലാ യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും ആയിരുന്ന ജോണ്‍സണ്‍ കെ.എസ് ആണ് അവകാശപ്രമേയം അവതരിപ്പിച്ചത്.
അവകാശപ്രമേയം
യു.കെയിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷകളോടെയാണ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി യു.കെ) രൂപീകരിക്കപ്പെടുന്നതിനെ നോക്കിക്കാണുന്നത്. നമ്മുടെ രാഷ്ട്രീയവും സംഘടനാപരവുമായ കര്‍മ്മപരിപാടികള്‍ക്കൊപ്പം തന്നെ ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെടേണ്ടതാണ്. താഴെ പറയുന്ന വിഷയങ്ങള്‍ നടപ്പിലാക്കി ലഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനുമായി ഒ.ഐ.സി.സിയുടെ സജീവമായ ഇടപെടല്‍ ഉണ്ടാവേണ്ടതാണ്. ഇതിനായി കെ.പി.സി.സിയിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലും സമ്മര്‍ദ്ദം ചെലുത്തേണ്ടതാണ്. ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ യു.കെയിലെ ഇതര രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനകളുമായി ഒത്തുചേര്‍ന്ന് പ്രവാസി മലയാളികളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കാവുന്നതാണ്.
1. മാഞ്ചസ്റ്ററില്‍ അടിയന്തരമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുക. നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്‌ഷെയര്‍ മേഖലകളില്‍ താമസിക്കുന്നവര്‍ ഇപ്പോള്‍ എംബസിയുമായോ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്നതിനോടൊപ്പം ഇപ്പോള്‍ പല കാര്യങ്ങളിലും എടുക്കുന്ന സമയപരിധിയെ കുറച്ച് കൊണ്ടുവരാനും കഴിയും.
2. എന്‍.എച്ച്.എസ് നടപ്പിലാക്കി വരുന്ന ചെലവുചുരുക്കലില്‍ പെട്ട് നിരവധി നഴ്‌സുമാര്‍ ഡീ ബാന്റ് ചെയ്യപ്പെടുക , റിസൈന്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുക തുടങ്ങിയ പ്രശ്നങ്ങള്‍ മലയാളി സമൂഹത്തെ വ്യാപകമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. നഴ്‌സുമാരുടെ സംഘടനയായ ആര്‍.സി.എന്‍ പലപ്പോഴും കുറ്റകരമായ മൗനം പാലിക്കുന്നതിനാല്‍ അര്‍ഹമായ ന്യായം നടപ്പിലാക്കി കിട്ടാറില്ല. ഈ വിഷയത്തില്‍ മറ്റ് മലയാളി സംഘടനകളെ കൂടി ചേര്‍ത്ത് ആവശ്യമായ പരിഹാരത്തിന് ശ്രമിക്കുക.
3. കേരളത്തിലേയ്ക്ക് യു.കെയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. മാഞ്ചസ്റ്റര്‍, ബര്‍മ്മിങ്‌ഹാം, ഗ്ലാസ്ക്കോ എയര്‍പോര്‍ട്ടുകളില്‍ നിന്നും നാട്ടിലേയ്ക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുക.
4. മലയാളികള്‍ ഈ രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമായ ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിന് ലണ്ടനിലെ ഇന്ത്യന്‍ എംബസികളിലും മറ്റ് കോണ്‍സുലേറ്റുകളിലും മലയാളികളായ ഓരോ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചാര്‍ജ് നല്‍കുക.
5. പാസ്പോര്‍ട്ട് സറണ്ടര്‍ ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാക്കുക.
6. പ്രവാസികള്‍ക്ക് വോട്ടവകാശം എംബസികളില്‍ രേഖപ്പെടുത്തുന്നതിന് അവസരം ഒരുക്കുക. നാട്ടില്‍ പോയി വോട്ട് ചെയ്യുക എന്നുള്ളത് പ്രായോഗികമായി ബുദ്ധിമുട്ടേറിയ ഒന്നാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
7. ഇരട്ട പൗരത്വം നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക.
8. റിക്രൂട്ടിങ്, ഇമിഗ്രേഷന്‍, സ്റ്റുഡന്റ് വിസ മേഖലകളില്‍ നടക്കുന്ന തട്ടിപ്പുകളൂം ചൂഷണങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നതിനും ഇത് സംബന്ധിച്ച് പരാതികള്‍ സ്വീകരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉത്തരവാദിത്വം നല്‍കി കേരളാ പോലീസില്‍ പ്രത്യേക സെല്‍ രൂപീകരിക്കുക.
9. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികള്‍ക്ക് നിക്ഷേപമുള്ള വികസനപദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ചേരുന്നതിന് മുന്നോട്ട് വരുന്ന യു.കെയില്‍ നിന്നുള്ള മലയാളികള്‍ക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
10. നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഇടത്തരം ബിസിനസ്-വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്നത് ഉറപ്പാക്കുക.
11. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അവധി എടുത്ത് വിദേശത്ത് പോയിരിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് കോടതി വിധി വന്നതുമൂലമുണ്ടായ ആശയക്കുഴപ്പവും ആശങ്കയും അനിശ്ചിതത്വവും നീക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക.
12. കേരളത്തിന്റെ ടൂറിസം വികസനത്തിന് ആവശ്യമായ തരത്തില്‍ യു.കെയിലെ മലയാളി സംഘടനകളുടേയും മറ്റും പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം. കൂടാതെ ഇന്ത്യയുടെ മൊത്തം ടൂറിസം വികസനത്തിന് സഹായകരമാകുന്ന തരത്തില്‍ ഓണ്‍ അറൈവല്‍ ടൈം വിസ ലഭിക്കുന്നതിന് വേണ്ട നിയമനിര്‍മ്മാണം കൊണ്ടുവരണം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പാര്‍ട്ടി നയിക്കുന്ന മുന്നണികള്‍ നയിക്കുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടേയും പൂര്‍ണ്ണമായ സഹകരണം മേല്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുന്നതിന് ഉറപ്പാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല