സ്വന്തം ലേഖകൻ: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനം അടുക്കുന്നു. അബ്‌ദുൾ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്ത 15 മില്യൺ റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി.
കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുക. കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വീസയില്‍ റിയാദില്‍ എത്തിയത്.
സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. റഹീമിനെ രക്ഷിക്കാനുള്ള പണം മലയാളികള്‍ ഒത്തൊരുമിച്ച് ക്രൗഡ് ഫണ്ടിംഗിലൂടെയാണ് സമാഹരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല