1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2024

സ്വന്തം ലേഖകൻ: തൃശൂർ ‘എടുത്തിരിക്കുന്നു!’ ചരിത്ര വിജയം നേടി സുരേഷ് ഗോപി. ഒന്നില്‍പിഴച്ചാല്‍ മൂന്നെന്ന പഴംപറച്ചിലുകളെ യാഥാര്‍ഥ്യമാക്കാന്‍ വോട്ടെണ്ണല്‍ പകുതിയോളം പൂര്‍ത്തിയാവുമ്പോള്‍ മുക്കാല്‍ലക്ഷത്തിലേക്ക്
എത്താനിരിക്കുന്നു തന്റെ ഭൂരിപക്ഷം.

എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി 70,000 ത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. കേരളത്തിൽ ആദ്യമായാണ് ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്. എൽ.ഡി.എഫിന്റെ വി.എസ്. സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. അതേസമയം സിറ്റിങ് മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

തൃശൂർ നിലനിർത്താൻ കോൺഗ്രസ് കളത്തിലിറക്കിയ കരുത്തനായ നേതാവ് കെ.മുരളീധരനാണ് ദയനീയമായി പരാജയപ്പെട്ടത്. 38 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സുരേഷ് ഗോപി തൃശൂരിൽ ചരിത്ര വിജയം നേടിയത്.

2019ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ 39.83 ശതമാനം വോട്ടുകൾ നേടി 93,633 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യൂ 30.85 ശതമാനം വോട്ടുകൾ നേടി രണ്ടാമതും 28.19 ശതമാനം വോട്ടുകൾ നേടി മൂന്നാമതുമായിരുന്നു.

മണ്ഡല ചരിത്രത്തിൽ ഇന്നുവരെ രണ്ടാം സ്ഥാനത്ത് പോലും എത്താത്ത ബി.ജെ.പി സുരേഷ് ഗോപിയിലൂടെ ചരിത്രം തിരുത്തുകയായിരുന്നു. 2009ൽ 6.7 ശതമാനം വോട്ടുകൾ നേടിയ ബി.ജെ.പി 2014ൽ 11.15 ശതമാനമായും 2019ൽ സുരേഷ് ഗോപിയിലൂടെ 28.19 ശതമാനം വോട്ടുകൾ വർധിപ്പിച്ചിരുന്നു. ഇതാണ് 2024ൽ 38 ശതമാനത്തിലെത്തിച്ചത്.

വിജയം ഉറപ്പിച്ചതോടെ സുരേഷ് ഗോപിയുടെ തിരുവനന്തരപുരത്തെ വീട്ടിൽ മധുരം വിളമ്പിയാണ് കുടുംബം ആഘോഷിച്ചത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചു.

സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പാര്‍ട്ടി പരിപാടിക്കിടെ കേരളത്തില്‍ ഇത്തവണ എന്‍.ഡി.എ രണ്ടക്ക സീറ്റ് നേടുമെന്ന വന്‍ പ്രഖ്യാപനം നടത്തിയത്. മോദിയുടെ പ്രസ്താവനയെ എത്ര സുന്ദരമായ നടക്കാത്ത സ്വപനമെന്ന മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും സിനിമാ ഡയലോഗ് പോലെയെന്ന് പറഞ്ഞ് അന്ന് എതിരാളികളില്‍ അപ്പാടെ തള്ളിക്കളിഞ്ഞു.

പക്ഷേ, രണ്ടക്കമില്ലെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നേമത്തെ നിയമസഭാ വിജയത്തിന് ശേഷം കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്നത്.

തൃശ്ശൂരിലും പാലക്കാടും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി പല തവണയെത്തി റാലികള്‍ നടത്തി. സ്ഥാനാര്‍ഥിക്ക് വോട്ട് എന്നിതനപ്പുറം മോദിക്ക് വോട്ട് എന്ന തരത്തില്‍ ബി.ജെ.പി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂട് പിടിപ്പിച്ചു. തൃശ്ശൂര്‍ മണ്ഡലത്തിലടക്കം പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലും സ്ഥാനാർഥിയേക്കാൾ നിറഞ്ഞ് നിന്നത് മോദി തന്നെയായിരുന്നു. ഇത് ഗുണം ചെയ്തുവെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.