സ്വന്തം ലേഖകൻ: രോഗികളുമായുള്ള ആശയവിനിമയത്തിനായി ആരംഭിച്ച ഹമദ് മെഡിക്കൽ കോർപറേഷന്റെ വാട്സ്ആപ് ബിസിനസ് സർവിസ് വിജയകരമെന്ന് അധികൃതർ. 2022ൽ ആരംഭിച്ച വാട്സ്ആപ് ബിസിനസ് സേവനത്തിലൂടെ ഇതുവരെ 46000ലധികം രോഗികൾ ഗുണഭോക്താക്കളായെന്ന് എച്ച്.എം.സി അറിയിച്ചു. റേഡിയോളജി എക്സാമിനേഷൻ അപ്പോയിന്റ്മെന്റുകൾ നിയന്ത്രിക്കുന്നതിനും അതിന്റെ ഫോളോ-അപ്പിനുമായാണ് വാട്സ്ആപ് ബിസിനസ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.
ക്ലിനിക്കൽ ഇമേജിങ് അപ്പോയിന്റ്മെന്റ് സെന്ററിലേക്ക് നേരിട്ട് വിളിക്കുന്നതിന് പകരം രോഗികൾക്ക് വാട്സ്ആപ് ആപ്ലിക്കേഷൻ വഴി സന്ദേശമയക്കുന്നതോടെ അവരുടെ റേഡിയോളജി അപ്പോയിന്റ്മെന്റുകളുടെ ഫോളോ-അപ് നടത്താനും അത് നിയന്ത്രിക്കാനുമുള്ള പുതിയ സൗകര്യമാണ് എച്ച്.എം.സി മുന്നോട്ട് വെച്ചിരിക്കുന്നത്.
വാട്സ്ആപ് ബിസിനസ് സേവനത്തിലൂടെ ലഭിക്കുന്ന അഭ്യർഥനകളും അന്വേഷണങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന സംഘത്തെ എച്ച്.എം.സി ക്ലിനിക്കൽ ഇമേജിങ് സർവിസസ് ചെയർപേഴ്സൻ ഡോ. അമൽ അൽ ഉബൈദലി അഭിനന്ദിച്ചു. കോർപറേഷന് കീഴിലെ എല്ലാ ക്ലിനിക്കൽ ഇമേജിങ് സൗകര്യങ്ങളിലുമുള്ള രോഗികൾക്ക് വേഗത്തിൽ സേവനം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അമൽ അൽ ഉബൈദലി കൂട്ടിച്ചേർത്തു.
രോഗികൾക്കിടയിൽ നടത്തിയ സർവേയിൽ 93 ശതമാനത്തിലധികം പേരും സേവനത്തിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയതായി ക്ലിനിക്കൽ ഇമേജിങ് സർവിസസ് ഓപറേഷൻസ് അസി.എക്സിക്യൂട്ടിവ് ഡയറക്ടർ മഷാഇൽ അൽ അജീൽ പറഞ്ഞു.
ക്ലിനിക്കൽ ഇമേജിങ് സേവനങ്ങൾക്കായി വാട്സ്ആപ് ബിസിനസ് സേവനം ഉപയോഗപ്പെടുത്താൻ അപ്പോയിന്റ്മെന്റ് സെന്ററുമായി 44393377 നമ്പറിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയും ശനിയാഴ്ചകളിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം മൂന്നുവരെയും ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല