സ്വന്തം ലേഖകൻ: വാഹനത്തിന് തീ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. വേനൽക്കാലത്ത് നിരവധി വാഹനങ്ങൾക്ക് തീപിടിക്കുന്നത് കണക്കിലെടുത്താണ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങളിലെ തീപിടിത്തം മാനുഷികവും ഭൗതികവുമായ വലിയ നഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്.
വാഹനത്തിന് തീപിടിക്കാനുള്ള കാരണങ്ങൾ
ടാങ്കിൽ നിന്നോ പൈപ്പുകളിൽ നിന്നോ ഇന്ധനമോ എണ്ണയോ ഒഴുകുക.
അമിതഭാരവും കുറഞ്ഞ വായു സമ്മർദവും കാരണം ടയറുകളിൽ മർദ്ദം വർധിക്കുക.
ഇന്ധനം നിറയ്ക്കുമ്പോൾ, പുകവലി, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുക.
നിലവാരം കുറഞ്ഞ പാർട്സ് വാഹനത്തിൽ ഘടിപ്പിക്കുക.
യോഗ്യതയില്ലാത്ത വ്യക്തികൾ വാഹനം അറ്റകുറ്റപ്പണി നടത്തുക
റേഡിയേറ്ററിലെ വെള്ളക്കുറവ് കാരണം എൻജിൻ താപനില വർധിക്കുക.
വാഹനത്തിൽ അധിക ഇലക്ട്രിക്കൽ ആക്സസറികൾ ഘടിപ്പിക്കുക
സുരക്ഷാ നടപടിക്രമങ്ങൾ
എൻജിൻ സ്റ്റാർട്ടാക്കുന്നതിന് മുമ്പ് വാഹനം ദിവസവും പരിശോധിക്കുകയും ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
വാഹനം പതിവായി അറ്റകുറ്റപ്പണി നടത്തുക, പഴകിയ ഭാഗങ്ങൾ പുതിയതും
ഗുണനിലവാരമുള്ളതുമായ ഭാഗങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക.
ഇന്ധനം നിറയ്ക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക. പുകവലിക്കരുത്.
വാഹനത്തിൽ ലൈറ്റർ, പെർഫ്യൂം, തീപിടിക്കുന്ന വസ്തുക്കൾ എന്നിവ വെക്കരുത്.
വാഹനത്തിൽ നിലവാരം കുറഞ്ഞ പാർട്സ് ഉപയോഗിക്കരുത്, പ്രത്യേകിച്ച് എൻജിൻ, റേഡിയേറ്റർ, ഇലക്ട്രിക്കൽ ഭാഗങ്ങൾ, വയറുകൾ എന്നിവ.
വാഹനത്തിൽ കുട്ടികളെ ശ്രദ്ധിക്കാതെ തനിച്ചാക്കരുത്.
വാഹനത്തിൽ ഉപയോഗപ്രദമായ മാന്വൽ അഗ്നിശമന ഉപകരണം (ഡ്രൈ പൗഡർ) ഉണ്ടെന്ന് ഉറപ്പാക്കുക.
അതിനിടെ ഒമാനില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂര്യാഘാതവും ചൂട് കാരണമുണ്ടാകുന്ന തളര്‍ച്ചയും ഒഴിവാക്കാന്‍ ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതില് നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.
പല സ്ഥലങ്ങളിലും താപനില 40 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വാദി അല്‍ മാവില്‍, അമീറാത്ത്, റുസ്താഖ് തുടങ്ങിയ സ്ഥലങ്ങളില്‍ 48 ഡിഗ്രിക്കു മുകളില്‍ താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല