സ്വന്തം ലേഖകൻ: രാഷ്ട്രീയ കാലാവസ്ഥ ഏറെ പ്രതികൂലമായി നില്‍ക്കുമ്പോഴും, ഒറ്റക്ക് ഒരു യുദ്ധം നയിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൂടുതല്‍ വോട്ടര്‍മാരുമായി നേരിട്ട് സംവേദിക്കാനാണ് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കി ഋഷി ഒറ്റക്ക് ഇറങ്ങുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.പല പ്രചാരണവേദികളും, ടോറി പ്രമുഖര്‍ ഇല്ലാതെ ഋഷി ഏകനായാണ് പ്രത്യക്ഷപ്പെടുന്നത്. ശനിയാഴ്ച മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു.
ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ക്കൊപ്പം പാര്‍ട്ടിയുടെ ഉപനേതാവ് എയ്ഞ്ചല റെയ്നാറും, ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ഉണ്ടാകുമ്പോള്‍, ഋഷി ഏകനായാണ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്. വെയ്ല്‍സില്‍ ഡേവിഡ് ടി സി ഡേവിസ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ക്രിസ് ഹീറ്റണ്‍ ഹാരിസ് എന്നിവര്‍ മാത്രമായിരുന്നു ഋഷിക്കൊപ്പം ചേര്‍ന്നത്. മുന്‍ നിര നേതാക്കളായ ജനപ്രതിനിധി സഭ നേതാവ് പെന്നി മോര്‍ഡൗണ്ട്, ബിസിനസ്സ് സെക്രട്ടറി കെമി ബേഡ്‌നോക്ക്, ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവരൊക്കെ അവരുടെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയരായി.
ഫോറിന്‍ സെക്രട്ടറി ലോര്‍ഡ് കാമറൂണ്‍ ഇറ്റലിയില്‍ ഒഴിവുകാലം ആഘോഷിക്കുകയണ്. ലെവെലിംഗ് അപ് സെക്രട്ടറി മൈക്കല്‍ ഗോ ആണെങ്കില്‍ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച് അണിയറയില്‍ ഒതുങ്ങിക്കൂടുകയാണ്. എന്നാല്‍, ഇതൊരു ബോധപൂര്‍വ്വമായ തീരുമാനമല്ലെന്നും, അധികം വൈകാതെ മറ്റ് നേതാക്കള്‍ ഋഷി സുനകിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്നും നമ്പര്‍ 10 വൃത്തങ്ങള്‍ അറിയിച്ചു. ലേബര്‍ പാര്‍ട്ടി അവരുടെ കൗണ്‍സിലര്‍മാരും ജീവനക്കാരുമായും സംവേദിക്കുമ്പോള്‍, ഋഷി സംവേദിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരോടാണ് എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ശരത്ക്കാലമെത്തുന്നതു വരെ കാത്തിരിക്കാതെ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഋഷിയോട് അമര്‍ഷമുള്ളവര്‍ ഉണ്ട്. പല മന്ത്രിമാര്‍ക്കും എം പിമാര്‍ക്കും ഈ നടപടിയോട് കടുത്ത വിയോജിപ്പുമുണ്ട്. അതുകൊണ്ടു തന്നെ ഋഷി സുനകിനൊപ്പം ചേരാന്‍ പാര്‍ട്ടി നേതാക്കള്‍ മടിക്കുകയാണോ എന്ന തോന്നലും ഉയര്‍ന്നു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല