സ്വന്തം ലേഖകൻ: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.
മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടർനടപടിയുടെ ഭാഗമായി 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.
അതേസമയം മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എൻ.ഡി.എ എം.പിമാരുടെ യോഗം ഏഴാം തീയതി ഡൽഹിയിൽ ചേരും. തെലുങ്ക് ദേശം പാർട്ടിയും ജനതാദൾ യുനൈറ്റഡും സർക്കാർ രൂപീകരണത്തിന് ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജനവിധിക്കു പിന്നാലെ രാജ്യതലസ്ഥാനത്ത് നിർണായക ചർച്ചകൾ. മന്ത്രിസഭാ രൂപീകരണത്തിനായി എൻഡിഎ തിരക്കിട്ട് ശ്രമം നടത്തുമ്പോൾ പ്രതീക്ഷ വിടാതെ ഇന്ത്യ മുന്നണിയും നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എൻഡിഎ യോഗം രാവിലെ 11നു ചേരും. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. പുതിയ സർക്കാരിനുള്ള അവകാശവാദം ഉന്നയിക്കും. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഇത്തവണ 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡി-യു പാർട്ടികളുടെ പിന്തുണയോടെ തുടർച്ചയായ മൂന്നാംവട്ടവും അധികാരത്തിലെത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
എന്‍ഡിഎയ്ക്കൊപ്പം തുടരുമെന്നാണ് ടിഡിപിയും ജെഡിയുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും.
എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ചന്ദ്രബാബു നായിഡു ഇന്ന് രാവിലെ ഡൽഹിയിലെക്ക് തിരിക്കും. വൻവിജയത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം വലിയ ഉപാധികൾ മുന്നോട്ടുവയ്ക്കാനാണ് സാധ്യത. സുപ്രധാന കാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
അതേസമയം, തകർപ്പൻ പോരാട്ടം കാഴ്ചവച്ച ഇന്ത്യ മുന്നണിയും സർക്കാർ രൂപീകരണ സാധ്യതകൾ തള്ളിക്കളഞ്ഞിട്ടില്ല. ഇന്ന് നടക്കുന്ന സഖ്യയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് 99 സീറ്റുകളാണ് ഇത്തവണ നേടിയത്.
ജെഡി-യു, ടിഡിപി പാര്‍ട്ടികൾ നിലവിൽ എൻഡിഎ പക്ഷത്താണെങ്കിലും നേരത്തെ സഖ്യകക്ഷികളായിരുന്ന ഇരുവരെയും ഒപ്പംചേർത്ത് സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളുന്നില്ല.
ജെഡി-യുവും ടിഡിപിയും ചേർന്നാൽ 28 സീറ്റുകൾ ലഭിക്കും. ഇന്ത്യ സഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 234ൽ നിന്നും 262 ആയി ഉയരും. സ്വതന്ത്രർ കൂടെ സഹായിച്ചാൽ തങ്ങൾക്ക് ഭരണം പിടിക്കാമെന്നും സഖ്യം പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല