സ്വന്തം ലേഖകൻ: ലണ്ടനിലെ ചില എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾക്കു നേരേ സൈബർ ആക്രമണം. ശസ്ത്രക്രിയകളും എമർജൻസി ചികിത്സകളും മുടങ്ങി. ഇന്നലെയാണ് സിന്നോവിസ് എന്ന സർവീസ് പാർട്നറുടെ പാതോളജി സേവനം തേടുന്ന ലണ്ടനിലെ ആശുപത്രികളിൽ സൈബർ ആക്രമണം നടന്നത്.
കിങ്സ് കോളജ് ആശുപത്രി, തോമസ് ആൻഡ് ഗൈസ്, റോയൽ ബ്രോംടൺ, എവ്ലീന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ ഉണ്ടായത്. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ടെസ്റ്റ് റിസൾട്ട് എന്നിവയ്ക്കാണ് തടസ്സം നേരിട്ടത്. ഇതോടെ മുൻ നിശ്ചയപ്രകാരമുള്ള ശസ്ത്രക്രിയകൾ പലതും മാറ്റിവയ്ക്കേണ്ടി വന്നു. എമർജൻസി ചികിത്സ തേടിയെത്തിയവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയച്ചു.
ബെക്സ്ലി, ഗ്രീനിച്ച്, ലൂയിഷ്ഹാം, ബ്രോംലി, സൗത്ത് വാർക്ക്, ലാംബേത്ത് ബറോകളിലെ ജിപി സർവീസുകളെയാണ് സൈബർ ആക്രമണം കൂടുതൽ ബാധിച്ചത്. ഐടി വിദഗ്ധരുടെ ഒരു സംഘത്തെ അയച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സിന്നോവിസ് കമ്പനി അധികൃതർ അറിയിച്ചു. രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ എൻഎച്ച്എസ് ഖേദം പ്രകടിപ്പിച്ചു. നാഷനൽ സൈബർ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല