1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2024

സ്വന്തം ലേഖകൻ: തൃശൂരില്‍ മിന്നുന്ന ജയം നേടിയ സുരേഷ് ഗോപി കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രിയാകുമെന്ന വിശ്വാസത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം. സീറ്റെണ്ണത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും പലമണ്ഡലങ്ങളിലും പാര്‍ട്ടി വോട്ടിനപ്പുറം മുന്നേറാനായി. മൂന്ന് മണ്ഡലങ്ങളിലെ വോട്ട് ലക്ഷത്തിന് മുകളിലെത്തിച്ച് ശക്തികൂട്ടാനായെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

സുരേഷ് ഗോപിക്ക് നാലുലക്ഷത്തിലധികം വോട്ടുലഭിക്കുമെന്ന് മേയ് ഏഴിന് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന അവലോകനയോഗം വിലയിരുത്തിയത് അക്ഷരം പ്രതിശരിയായതിന്റെ സന്തോഷത്തിലാണ് സംസ്ഥാന നേതൃത്വം. പാര്‍ലമെന്ററി പാര്‍ട്ടി യോത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിലെത്തുന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകമായി വിളിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ലോക്സഭയില്‍ ആദ്യമായി പ്രവേശിക്കുന്ന ബി.ജെ.പി അംഗമെന്ന നിലയില്‍ സുരേഷ് ഗോപിക്ക് ക്യാബിനറ്റ് റാങ്കോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെയും ഉറച്ച വിശ്വാസം.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ജയിക്കുമെന്നാ കണക്കൂട്ടല്‍ തെറ്റിയെങ്കിലും പ്രതീക്ഷിച്ച വോട്ടുശതമാനത്തില്‍ നേരിയ കുറവ് മാത്രം. ആറ്റിങ്ങലിലും പാലക്കാട്ടും പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച നേട്ടകൊയ്തു. കണ്ണൂരും, വയനാടും ആലത്തൂരും വോട്ട് ഒരുലക്ഷത്തിന് മുകളിലെത്തിക്കാനായി. അതേസമയം ചാലക്കുടിയിലും പത്തനംതിട്ടയിലും വോട്ട് കുറയുകയും ചെയ്തു.

അതിനിടെ കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ഘടകക്ഷികള്‍ക്ക് വിട്ടുനല്‍കില്ല. ആഭ്യന്തര മന്ത്രിസ്ഥാനത്ത് രാജ്‌നാഥ് സിങിന്റയും ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് മുന്‍ നിതി ആയോഗ സിഇഒ അമിതാഭ് കാന്തിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. ജെപി നദ്ദ, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും മന്ത്രിസഭയിലേക്കെത്തിയേക്കും.

ഘടകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് നേതാക്കള്‍ നാളെ രാഷ്ട്രപതിയെ കാണാനാണ് നീക്കം. ഘടകകക്ഷികള്‍ സുപ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ഫോര്‍മുല മുന്നോട്ടുവയ്ക്കുകയാണ് ബിജെപി. നാല് എംപിമാരുള്ള പാര്‍ട്ടിക്ക് ഒരു മന്ത്രിപദവി നല്‍കും.

ടിഡിപിക്കും ജെഡിയുവിനും മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ നല്‍കും. ശിവസേനയ്ക്കും എല്‍ജെപിക്കും രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വീതം നല്‍കും. തെലുഗുദേശത്തിന്റെ പിന്തുണ കിട്ടിയെങ്കിലും മന്ത്രിപദവിയില്‍ ചന്ദ്രബാബു നായിഡുവിനെ മെരുക്കാന്‍ പീയുഷ് ഗോയലിനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ടിഡിപി എംപിമാരുമായി നായിഡു ചര്‍ച്ച നടത്തും.

ഘടകക്ഷികള്‍ പ്രധാന വകുപ്പുകളില്‍ പിടിമുറുക്കുന്നതിനിടെ റെയില്‍വേയും കൃഷിയും വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. നാല് മന്ത്രിസ്ഥാനം ജെഡിയു ആവശ്യപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.