സ്വന്തം ലേഖകൻ: രാജ്യത്തെ ജനനനിരക്കിലുണ്ടായ വന്‍ ഇടിവ് പരിഹരിക്കുന്നതിന് ജനങ്ങളുടെ വിവാഹം നടത്തിക്കൊടുക്കാനുള്ള ശ്രമത്തിലാണ് ടോക്യോ മെട്രോ പൊളിറ്റന്‍ ഭരണകൂടം. ഇതിനായി സ്വന്തം ഡേറ്റിങ് ആപ്പും ഭരണകൂടം പുറത്തിറക്കി. ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ ഈ വേനലില്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സര്‍ക്കാര്‍ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. പണം നല്‍കിയാണ് ഇത് ഉപയോഗിക്കാനാവുക. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നല്‍കണം. ഉപഭോക്താവിന്റെ വാര്‍ഷിക വരുമാനം വ്യക്തമാക്കുന്നതിനുള്ള നികുതി രേഖയും ഉപഭോക്താവ് നല്‍കണം.
ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപഭോക്താക്കളുടെ വെരിഫിക്കേഷന് പൂര്‍ത്തിയാക്കുന്നതിന് ഒരു അഭിമുഖവും ഉണ്ടാവും. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ പങ്കാളിയില്‍ ആഗ്രഹിക്കുന്നത് എന്തെല്ലാം ആണെന്ന് വ്യക്തമാക്കണം. അതിനനുസരിച്ച് എഐയുടെ സഹായത്തോടെ അനുയോജ്യമായ ആളുകളെ ആപ്പ് നിര്‍ദേശിക്കും.
ജനങ്ങള്‍ പങ്കാളിയെ കണ്ടെത്താനുള്ള ഇത്തരം ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അവര്‍ക്ക് ചെറിയൊരു പ്രോത്സാഹനം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആപ്പിന്റെ ടോക്യോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ജപ്പാന്റെ ഈ നീക്കത്തെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് പ്രശംസിച്ചു. ഈ വിഷയത്തിലെ പ്രാധാന്യം ജപ്പാന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ജനസംഖ്യയെ പ്രായമാകുന്നത് നേരിടാന്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ജനന നിരക്ക് ഉയര്‍ത്തണമെന്ന് മിസ്റ്റര്‍ മസ്ക് മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത പങ്കാളികളിലായി 11 മക്കളുള്ള വ്യക്തി കൂടിയാണ് ഇലോണ്‍ മസ്ക്.
കഴിഞ്ഞ വര്‍ഷം ജനനിരക്കിനേക്കാള്‍ ഇരട്ടി മരണ നിരക്കാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്.ജനനനിരക്ക് തുടര്‍ച്ചയായ എട്ടാം വര്‍ഷവും 758,631 ആയി കുറഞ്ഞു. 5.1 ശതമാനം ഇടിവാണുണ്ടായത്. മരണസംഖ്യ 1,590,503 ആയി.
വിവാഹം കഴിക്കാനും കുട്ടികളെ വളര്‍ത്താനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതാണ് ജപ്പാനിലെ ജനങ്ങള്‍ വിവാഹം ചെയ്യാന്‍ മടിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന്. ജനന നിരക്കിലുണ്ടായ ഇടിവ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരികയാണ് ഭരണകൂടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല