സ്വന്തം ലേഖകൻ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി എത്തി. വ്യാഴാഴ്ചയാണ് പേടകം നിലയവുമായി ബന്ധിപ്പിച്ചത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് ലഭിച്ചു.
സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യമാണിത്. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. നിലയത്തിലുണ്ടായിരുന്ന ഏഴ് ബഹിരാകാശ സഞ്ചാരികളും ഇരുവരെയും ആലിംഗനത്തോടെ സ്വീകരിച്ചു. നിലയത്തിലേക്ക് വരുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനായി മണിമുഴക്കുന്നൊരു പതിവുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും നിലയത്തിലേക്ക് പ്രവേശിച്ചത്. സ്വീകരണത്തില്‍ നന്ദിയറിയിച്ച സുനിത വില്യം, ക്രൂ അംഗങ്ങള്‍ തന്റെ മറ്റൊരു കുടുംബമാണെന്നും പറഞ്ഞു.
ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റോഷനില്‍ നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറുകള്‍ക്ക് ശേഷമാണ് പേടകം നിലയത്തിലെത്തിയത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. നിലയത്തിലേക്ക് സ്വയം ഗതിനിര്‍ണയം നടത്തി സഞ്ചരിക്കാനുള്ള പേടകത്തിന്റെ ശേഷി ഇരുവരും വിലയിരുത്തി.
ഇതിന് പുറമെ സഞ്ചാരികള്‍ പേടകം സ്വയം നിയന്ത്രിക്കുന്ന സംവിധാനവും ഇരുവരും പരിശോധിച്ചു. നേരിയ ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് പേടകം നിലയവുമായി ബന്ധിപ്പിക്കുന്നത് ഒരു മണിക്കൂറോളം വൈകിയിരുന്നു. ഒരാഴ്ചയോളം ബഹിരാകാശത്ത് തങ്ങുന്ന ഇരുവരും വിവിധ ഗവേഷണങ്ങളില്‍ സഹായികളാവും. ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന സ്റ്റാര്‍ലൈനര്‍ പേടകം കരയിലാണ് ഇറങ്ങുക. ദൗത്യം വിജയമാവുന്നതോടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ മോഡ്യൂളിന് പുറമെ ബഹിരാകാശ യാത്രയ്ക്കായി നാസയ്ക്ക് മറ്റൊരു പേടകം കൂടി ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല