സ്വന്തം ലേഖകൻ: ഓൺലൈനിലൂടെ ബസ് കാർഡ്, ഇത്തിസലാത്ത്, ഡു കമ്പനികളുടെ പ്രീപെയ്ഡ് കാർഡ് എന്നിവ റീചാർജ് ചെയ്യാൻ ശ്രമിക്കുന്നവരും സാധനങ്ങൾ വാങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ. സുരക്ഷിത വെബ്സൈറ്റാണെന്ന് ഉറപ്പാക്കിയ ശേഷമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാവൂ. തിടുക്കത്തിൽ ഏതെങ്കിലും വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യാൻ ശ്രമിച്ച മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അബുദാബി പബ്ലിക് ബസിൽ ഉപയോഗിക്കുന്ന ഹാഫിലാത് കാർഡ് 50 ദിർഹത്തിന് (1136 രൂപ) റീ ചാർജ് ചെയ്യാൻ ശ്രമിച്ച തൃശൂർ സ്വദേശിക്കാണ് 86,380 രൂപ (3800 ദിർഹം) നഷ്ടമായത്. യുഎഇയിലെ ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായ ഇദ്ദേഹം ഗൂഗിളിൽ സേർച് ചെയ്ത് ആദ്യം കിട്ടിയ വെബ്സൈറ്റിൽ പ്രവേശിച്ച് റീ ചാർജ് ചെയ്യുകയായിരുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 50 ദിർഹം അടച്ചു. സാധാരണ ഓൺലൈൻ വഴിയുള്ള എത്ര ചെറിയ ഇടപാടിനും ഒടിപി ചോദിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. സംശയം തോന്നിയ യുവാവ് ബാങ്കിൽനിന്നുള്ള എസ്എംഎസ് സന്ദേശം പരിശോധിച്ചപ്പോഴാണ് 3800 ദിർഹം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഹാഫിലാത് കാർഡിൽ പണം ക്രെഡിറ്റ് ആയതുമില്ല.
ഉടൻ ബാങ്കിൽ വിളിച്ച് പരാതിപ്പെട്ടു. ഒടിപി നൽകാതെ ഇത്രയും തുകയുടെ ഇടപാട് നടത്തുന്നത് ബാങ്കിന്റെ സുരക്ഷിതമില്ലായ്മല്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്. പരാതി റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പണം വീണ്ടെടുക്കാനാകുമോ എന്ന കാര്യം അറിയാനായി 90 പ്രവൃത്തി ദിവസം കാത്തിരിക്കാനുമായിരുന്നു ബാങ്കിന്റെ മറുപടി.
സമാന രീതിയിൽ എൻപിസിസിയിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരന് 18,000 ദിർഹമാണ് നഷ്ടപ്പെട്ടത്. സൈബർ തട്ടിപ്പുകാർ ദിവസേന പുതിയ തട്ടിപ്പുകളുമായി വലവീശുമ്പോൾ ഇരയാകാതിരിക്കാൻ സ്വന്തം നിലയ്ക്കും ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്ധർ പറയുന്നു. വ്യാജ സൈറ്റുകളിൽ നൽകുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ശേഖരിച്ചുവച്ചാണ് തട്ടിപ്പുകാർ പണം കവരുന്നത്.
കാർഡ് വിവരങ്ങൾ ആപ്പിൾ/ഗുഗിൾ പേ ഉപയോഗിച്ച് വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടും. ഇടപാട് നടത്തുമ്പോൾ യഥാർഥ ഉടമയ്ക്ക് ഒടിപി ലഭിക്കാതിരിക്കാനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. അതിനാൽ ചതിയിൽ വീണത് യഥാസമയം അറിയാതെ പോകുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കുമ്പോഴാണ് പലരും വിവരം അറിയുന്നത്. പരാതിപ്പെടാനുള്ള കാലതാമസം പണം വീണ്ടെടുക്കാനുള്ള സാധ്യത ഇല്ലാതാക്കും.
വ്യാജ വെബ്സൈറ്റുകൾ പരസ്യം പോലെയാക്കി ഗൂഗിൾ സെർച്ചിൽ ആദ്യം വരുന്ന വിധമാക്കുന്ന പ്രവണതയുണ്ട്. അതിനാൽ സെർച് ചെയ്യാതെ അതതു സ്ഥാപനത്തിന്റെ അസ്സൽ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഇടപാട് നടത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല