സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി). തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല.
ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സി.ഡ.ബ്ല്യു.സി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായി കെസി വേണുഗോപാല്‍ എം.പി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് സിഡബ്ല്യുസിയുടെ ആഗ്രഹമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് എം.പി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പെടെ നിരവധി നേതാക്കള്‍ ഇതിനോടകം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ആവശ്യമാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുകയെന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളില്‍ പ്രതിഫലിച്ചു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരിലും കോടിക്കണക്കിന് വോട്ടര്‍മാരിലും ഇത് വിശ്വാസം വളര്‍ത്തി.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, ഒ.ബി.സിക്കാര്‍ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളുടെയും ആശങ്കകള്‍ സസൂക്ഷ്മം ശ്രദ്ധിച്ച രാഹുല്‍ ഗാന്ധിയുടെ യാത്രകളാണ് പാഞ്ച്ന്യായ്-പച്ചീസ് ഗ്യാരണ്ടി പദ്ധതിക്ക് കാരണമായതെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും സിഡബ്ല്യുസി പ്രമേയത്തില്‍ ചൂണ്ടികാട്ടി.
വയനാട്, റായ് ബറേലി ലോക്സഭാ മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ധാരണയായി. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. അതേസമയം വിഷയത്തില്‍ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇത്തരത്തില്‍ തീരുമാനവും വന്നിട്ടില്ല. എന്നാല്‍ റായ്ബറേലി നിലനിര്‍ത്താനും വയനാട് വിടാനുമുള്ള തീരുമാനം രാഹുല്‍ ഗാന്ധി തന്നെ കൈക്കൊണ്ടിരുന്നു.
രണ്ടോ മൂന്നോ ദിവസത്തിനകം രാഹുല്‍, ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കും. ശേഷം രാഹുല്‍ വയനാട്ടിലേക്ക് എത്തുകയും ജനങ്ങളെ നന്ദി അറിയിക്കുകയും ചെയ്യും. ഈ സമയത്തായിരിക്കും വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല