സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ലാഭേതര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാര്‍ക്കും നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ദുല്‍ഹജ് ഒൻപതിന് (ജൂണ്‍ 15) ശനി അറഫ ദിനം മുതല്‍ നാലു ദിവസമാണ് ബലിപെരുന്നാള്‍ അവധിയെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഹരീഖില്‍ ദുല്‍ഹജ് മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ സമിതികളാണ് അറിയിച്ചത്. മാസപ്പിറവി കണ്ടതായി സ്ഥീകരണം വന്നാല്‍ അറഫ ദിനം ഈ മാസം 15ന് ആയിരിക്കും. അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ് ലിം ലോകം ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആഘോഷിക്കുന്നത്. ജൂണ്‍ പതിനാറിനായിരിക്കും ഈദുല്‍ അദ്ഹ.
നാളെ (ജൂണ്‍ -ഏഴ്) ദുല്‍ഹജ് മാസം ആരംഭിക്കും. ദുല്‍ഹജ് ഒന്‍പതിനാണ് അറഫാ ദിനം. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫ സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 25 ലക്ഷത്തോളം പേരാണ് പരിശുദ്ധ ഹജ് കര്‍മ്മത്തില്‍ പങ്കെടുക്കാനായി എത്തുന്നത്.
ഇത്തവണത്തെ ഹജ് സീസണ് ആരംഭിച്ച ശേഷം ഇതുവരെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് പതിനായിരത്തിലേറെ വളണ്ടിയര്‍മാര്‍ ഹജ്ജ് സേവന മേഖലയില്‍ പങ്കാളിത്തം വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല