സ്വന്തം ലേഖകൻ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി. സന്ദർശകരുടെ തിരക്ക് നിയന്ത്രിച്ച് ബീച്ചിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ദുബായ് നഗരസഭ അറിയിച്ചു. ബീച്ച് സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങളും 140 അംഗ സുരക്ഷാ, റെസ്ക്യു ടീമിനെയും വിന്യസിച്ചു. 65 അംഗ ഫീൽഡ് കൺട്രോൾ ടീം മേൽനോട്ടം വഹിക്കും.
ബീച്ചിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെയും നിയമിച്ചു. അവധിക്കാലത്ത് ബീച്ചുകളിലെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. എമിറേറ്റിലെ പൊതു ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
ഇത് സമുദ്ര ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി വിദ്യാഭ്യാസം, മാനേജ്മെന്റ്, പൊതുസുരക്ഷ, മികച്ച സേവനം എന്നിവയെ സൂചിപ്പിക്കുന്നതാണെന്നും പറഞ്ഞു. ഇതൊടൊപ്പം എമിറേറ്റിലെ വിനോദസഞ്ചാര സൗകര്യങ്ങൾ സംയോജിപ്പിച്ചുവരികയാണ് നഗരസഭ.
തിരക്കു നിയന്ത്രിക്കുന്നതിനൊപ്പം ഈദ് അവധിക്കാലത്ത് എമിറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കാൻ കുടുംബങ്ങൾക്ക് അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ച് ആൻഡ് വാട്ടർ കനാൽസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു.
ഖോർ അൽ മംസാർ ബീച്ച്, കോർണിഷ് അൽ-മംസാർ, ജുമൈറ–1, ജുമൈറ–2, ജുമൈറ–3, ഉമ്മുസുഖീം–1, ഉമ്മുസുഖീം–2, ജബൽഅലി ബീച്ച് എന്നിവയുൾപ്പെടെ കുടുംബങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല