സ്വന്തം ലേഖകൻ: ഗോൾഡൻ വീസ പദ്ധതി ഗസ്റ്റ് ഇൻവെസ്റ്റർ പ്രോഗ്രാം (ജിഐപി) എന്ന പേരിൽ ഹംഗറി പുനരാരംഭിക്കുന്നു. ജൂലൈ 1 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരിക. യൂറോപ്യൻ യൂണിയനും യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കും പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ പൗരന്മാര്ക്ക് ഇതിലൂടെ ഹംഗറിയിൽ വീട് സ്വന്തമാക്കാം. 2017 മാർച്ചിലാണ് ഗോൾഡൻ വീസ പദ്ധതി ഹംഗറി നിർത്തലാക്കിയത്. 2023 അവസാനത്തോടെ പദ്ധതി പുനരാരംഭിക്കുമെന്ന് ഹംഗേറിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.
ഗസ്റ്റ് ഇൻവെസ്റ്റർ പദ്ധതി പ്രകാരം മൂന്നു നിക്ഷേപ ഓപ്ഷനുകളിലൂടെ വിദേശ പൗരന്മാർക്ക് വീട് സ്വന്തമാക്കാൻ കഴിയും. 250,000 പൗണ്ടിൽ കുറയാത്ത തുകയ്ക്ക് ഒരു റിയൽ എസ്റ്റേറ്റ് ഫണ്ട് വാങ്ങുക, അല്ലെങ്കിൽ 500,000 പൗണ്ട് വിലമതിക്കുന്ന റസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കുക. അതുമല്ലെങ്കിൽ ഹംഗറിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് കുറഞ്ഞത് 1,000,000 പൗണ്ട് സംഭാവന നൽകുക.
അപേക്ഷകർ 18 വയസ്സിന് മുകളിലുള്ളവരായിരിക്കണം. നിയമാനുസൃതമായ വരുമാനമുള്ളവരും മറ്റു നിയമനടപടികൾ നേരിടുന്നവരും ആയിരിക്കരുത്. യൂറോപ്യൻ യൂണിയനിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലും അംഗങ്ങളായവർ ആയിരിക്കരുത്. എല്ലാ ഇയു രാജ്യങ്ങളിലേക്കും വീസ രഹിത യാത്രാ പ്രവേശനം അനുവദിക്കും. പങ്കാളിക്കും, പ്രായപൂർത്തിയാകാത്ത കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കും താമസാനുമതി നൽകും.
അപേക്ഷകർ നടപടികൾ പൂർത്തിയാക്കാൻ ഒരു ഏജന്റിനെ നിയമിക്കണം. മൂന്ന് നിക്ഷേപ ഓപ്ഷനിൽ ഒന്നു തിരഞ്ഞെടുക്കണം. ഹംഗറിയിൽ പ്രവേശിക്കുന്നതിന് ഗോൾഡൻ വീസയ്ക്ക് അപേക്ഷ സമർപ്പിക്കുകയും നിക്ഷേപം നടത്തുകയും വേണം. അതിനുശേഷം താമസാനുമതിക്കായി അപേക്ഷിക്കുകയും ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കുകയും വേണം. എല്ലാ വ്യവസ്ഥകളും പാലിക്കുകയാണെങ്കിൽ, റസിഡൻസി പെർമിറ്റ് കാർഡ് തപാൽ വഴിയോ നേരിട്ടോ നൽകും.
മാർച്ച് 1ന് ഹംഗറിയിൽ പുതിയ ഇമിഗ്രേഷൻ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. പുതിയ പെർമിറ്റിനൊപ്പം ഉയർന്ന നൈപുണ്യമുള്ളവരും അല്ലാത്തവരുമായ അതിഥി തൊഴിലാളികൾക്കായി പ്രത്യേക വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നതായിരുന്നു പ്രധാന മാറ്റം. പുതിയ നിയമം മൂന്നാം രാജ്യ പൗരന്മാർക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതു നടപ്പിലാക്കുന്നത് വൈകുകയാണ്.
അതിഥി തൊഴിലാളി റസിഡൻസ് പെർമിറ്റിന് നിർദ്ദിഷ്ട നിയന്ത്രണങ്ങളുണ്ട്. നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള ചില തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇത് അനുവദിക്കൂ. ഈ പെർമിറ്റുകൾ പരമാവധി മൂന്നു വർഷം വരെ നീട്ടാവുന്നതാണ്. അതിനുശേഷം വീണ്ടും അപേക്ഷ നൽകണം. അതിഥി തൊഴിലാളികൾക്ക് സ്ഥിര താമസത്തിന് അർഹതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല