സ്വന്തം ലേഖകൻ: ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ വാഗ്ദാനം ചെയ്ത് ടോറികള്‍. 425,000 പൗണ്ട് വരെ മൂല്യമുള്ള വീടുകള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാനമന്ത്രി റിഷിസുനാക് പ്രഖ്യാപിക്കുന്നത്.
ഓരോ വര്‍ഷം 200,000 കുടുംബങ്ങള്‍ക്ക് ഈ നീക്കത്തിന്റെ ഗുണം ലഭിക്കും. ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് അവതരിപ്പിച്ച താല്‍ക്കാലിക പദ്ധതിയാണ് സ്ഥിരപ്പെടുത്തി നല്കാന് സുനാക് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ പദ്ധതി അവസാനിക്കാന്‍ ഇരിക്കുകയാണ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ദുരന്തം സൃഷ്ടിച്ച മിനി ബജറ്റിലാണ് അന്നത്തെ പ്രധാനമന്ത്രിയും, ചാന്‍സലറും ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടിലേക്ക് ഉയര്‍ത്തിയത്. 2025 മാര്‍ച്ച് വരെയുള്ള താല്‍ക്കാലിക നടപടിയായിരുന്നു ഇത്.
ഈ പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന്റെ ചെലവ് എത്രയാകുമെന്ന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഏകദേശം 1 ബില്ല്യണ്‍ പൗണ്ടെങ്കിലും വേണ്ടിവരുമെന്നാണ് ട്രഷറിയുടെ കണക്കുകൂട്ടല്‍. ബ്രിട്ടനില്‍ ആദ്യമായി വീട് വാങ്ങുന്ന 94 ശതമാനം പേരും 425,000 പൗണ്ടില്‍ താഴെയാണ് ഇതിനായി ചെലവാക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
യുവവോട്ടര്‍മാര്‍ക്ക് പുതിയ വാഗ്ദാനം ഏറെ ആകര്‍ഷകമാകും. ഈയാഴ്ച തന്നെ പ്രകടനപത്രിക പുറത്തിറക്കാനാണ് ടോറികള്‍ ആലോചിക്കുന്നത്. ഹൗസിംഗ് വിപണിയില്‍ കാലെടുത്ത് കുത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പിന്തുണ വാഗ്ദാനവുമായി ലേബറും രംഗത്തുവന്നിരുന്നു. ‘ഫ്രീഡം ടു ബൈ’ സ്കീമെന്ന പേരിലാണ് ഹൗസിംഗ് മേഖലയിലേക്ക് യുവാക്കള്‍ക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുന്നത്.
നിലവിലെ മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്കീം ജൂലൈ 4 തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ഥിരപ്പെടുത്തുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിക്കുക. വലിയ ഡെപ്പോസിറ്റുകള്‍ സ്വരൂപിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഗവണ്മെന്റ് ഗ്യാരണ്ടറായി നില്‍ക്കുന്നതാണ് മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്കീം. കൂടാതെ പ്ലാനിംഗ് സിസ്റ്റം പരിഷ്കരിക്കുമെന്നും കീര്‍ സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ക്കും. ഹൗസിംഗ് ടാര്‍ജറ്റ് അവതരിപ്പിച്ച് അടുത്ത അഞ്ച് വര്‍ഷത്തില്‍ 1.5 മില്ല്യണ്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല