1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2024

സ്വന്തം ലേഖകൻ: മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ മന്ത്രിമാരാവാന്‍ സാധ്യതയുള്ളവര്‍ക്ക് നരേന്ദ്രമോദിയുടെ വസതിയില്‍ നടത്തിയ ചായസത്കാരം അവസാനിച്ചു. 48-ഓളം പേരുകളാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ബി.ജെ.പിയില്‍നിന്ന് 36 പേരും സഖ്യകക്ഷികളില്‍നിന്ന് 12 പേരും മന്ത്രിമാരാവും. കേരളത്തില്‍നിന്ന് സുരേഷ് ഗോപി മന്ത്രിയാവും. വൈകി പുറപ്പെട്ടത് കാരണം അദ്ദേഹത്തിന് മോദിയുടെ ചായസത്കാരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാരെ ലഭിക്കും. എല്‍.ജെ.പിയില്‍നിന്ന് ചിരാഗ് പസ്വാന്‍, ഷിന്ദേ ശിവസേനയില്‍നിന്ന് പ്രതാപ് റാവു ജാദവ്, എ.ജെ.എസ്.യുവില്‍നിന്ന് ചന്ദ്രശേഖര്‍ ചൗധരി, ആര്‍.എല്‍.ഡിയില്‍നിന്ന് ജയന്ത് ചൗധരി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയില്‍നിന്ന് ജിതന്‍ റാം മാഞ്ചി, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് രാം ദാസ് അതാവ്‌ലെ, അപ്‌നാദളില്‍നിന്ന് അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരാവും. ആന്ധ്രയില്‍നിന്നുള്ള പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്.

ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു. ഒ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന 2019 ലെ തിരഞ്ഞെടുപ്പില്‍ ആ രീതിയില്‍ ഒരു നേട്ടം ബിജെപിക്ക് കേരളത്തിലുണ്ടായില്ല.

കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ ഹിന്ദു സമൂഹത്തിന്റെ പിന്തുണക്കൊപ്പം ക്രിസ്ത്യന്‍ സമൂഹത്തെ കൂടി അടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഭവനസന്ദര്‍ശനം അടക്കം ഇതിന്റെ ഭാഗമായിരുന്നു. 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നാല്പത് വർഷത്തോളം ബി.ജെ.പി. സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.