സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ ( ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ഇൗ മാസം 15 മുതൽ 18 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഇൗ മാസം 16ന് ബലിപെരുന്നാൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിലും ചന്ദ്രക്കല ദൃശ്യമായി. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇൗമാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.
ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. വാരാന്ത്യദിനങ്ങളുൾപ്പെടെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. 23ന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ഒമാനിൽ ജൂൺ 17നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ 16നും ആണ് ഈ വർഷത്തെ പെരുന്നാൾ. അവധി പ്രഖ്യാപിച്ചത്തോടെ വരും ദിവസങ്ങളിൽ രാജ്യം പെരുന്നാൾ തിരക്കിലേക്ക് നീങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല