സ്വന്തം ലേഖകൻ: 389 യാത്രക്കാരുമായി ടൊറന്‍റോയിലെ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ കാനഡയുടെ വിമാനത്തിന് തീ പിടിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ വലിയ അപകടം ഒഴിവായി. ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. ബോയിങ് 777 വിമാനത്തിനാണ് ടേക്ക് ഓഫിന് പിന്നാലെ തീ പിടിച്ചത്. വിമാനത്തിന്‍റെ എഞ്ചിനുകളിലൊന്നില്‍ നിന്നും തീനാളങ്ങള്‍ പുറത്തേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അപകടത്തില്‍ യാത്രക്കാര്‍ക്കോ വിമാനജീവനക്കാര്‍ക്കോ പരുക്കില്ല. 13 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ എയര്‍ കാനഡ വിശദീകരണക്കുറിപ്പിറക്കി. എഞ്ചിന്‍ സ്വയം തീ പിടിച്ചതല്ലെന്നും എഞ്ചിന്‍ വഴിയുള്ള വായൂസഞ്ചാരം തടസപ്പെട്ടതിന്‍റെ ഫലമായി ഉണ്ടായതാണെന്നും കുറിപ്പില്‍ പറയുന്നു. ഗുരുത്വാകര്‍ഷണ ബലത്തെ എതിര്‍ത്ത് വിമാനത്തെ വായുവിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇത്തരം പ്രശ്നം ചിലപ്പോള്‍ ഉണ്ടാകാമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
തകരാര്‍ അതിവേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതും കൃത്യമായ ആശയവിനിമയവും വലിയ അപകടം ഒഴിവാക്കിയെന്നും അധികൃതര്‍ അറിയിച്ചു. വിമാനം നിലത്തിറക്കിയ ശേഷം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വിമാന കമ്പനി പറയുന്നു. യാത്രക്കാരെ എല്ലാവരെയും രാത്രിയിലെ ഫ്ലൈറ്റില്‍ പാരിസിലേക്ക് എത്തിച്ചു. തകരാര്‍ കണ്ടെത്തിയ വിമാനം സര്‍വീസില്‍ നിന്ന് മാറ്റിയെന്നും കമ്പനി വ്യക്തമാക്കി. ബോയിങ് 777 ല്‍ റിപ്പോര്‍ട്ട് ചെയ്ത തകരാറുകളില്‍ ഇത് കൂടിയായപ്പോള്‍ വിമാനത്തിന്‍റെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
പറന്നുയര്‍ന്നതിനിടെ ബോയിങ് 777–200 വിമാനത്തിന്‍റെ വീലുകളില്‍ ഒരെണ്ണം ഊരിത്തെറിച്ച സംഭവം സന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഊരിത്തെറിച്ച വീല്‍, വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയിലെ കാറുകളുടെ മേല്‍ വീണ് കാറുകള്‍ക്ക് നാശം സംഭവിച്ചു. തുടര്‍ന്ന് വിമാനം ലോസ് ഏയ്ഞ്ചല്‍സില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. മാര്‍ച്ച് പതിമൂന്നിന് യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 777–300 വിമാനം ടേക്ക് ഓഫിന് പിന്നാലെ ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്ന് നിലത്തിറക്കിയിരുന്നു. സന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയ വിമാനം സിഡ്നിയിലാണ് ഇറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല