സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, ഇതുവരെ പുറത്തുവന്ന സര്‍വ്വെഫലങ്ങള്‍ എല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ലേബര്‍ പാര്ട്ടിയുടെവിജയത്തിലേക്കാണ്. എന്നാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടപുഴകി വീഴുന്ന തരത്തിലുള്ള ഒരു ഫലമായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നാണ് ഡെയ്ലി മെയില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വ്വേ പ്രവചിക്കുന്നത്. 416 സീറ്റുകള്‍ വരെ ലേബര്‍ പാര്‍ട്ടി നേടുമെന്ന് സര്‍വ്വെ ഫലം പറയുന്നു. ഡെല്‍റ്റ പോള്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത് 25 പോയിന്റ് ലീഡ് ലേബര്‍ പാര്‍ട്ടി നേടുമ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 39 സീറ്റുകളിലേക്ക് ഒതുങ്ങും എന്നാണ്.
എന്നാല്‍, അതിലേറെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത, കഴിഞ്ഞ തവണ 27,000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച യോര്‍ക്ക്ഷയര്‍ സീറ്റില്‍ ഇത്തവണ പ്രധാനമന്ത്രി ഋഷി സുനക് പരാജയപ്പെടും എന്നാണ് സര്‍വ്വേ ഫലം പറയുന്നത് എന്നതാണ്. വോട്ടിംഗ് പാറ്റേണില്‍ ഏകതാനമായ ഒരു മാറ്റമാകും ഉണ്ടാകുക എന്നും അത് ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായിരിക്കും എന്നും ഡെല്‍റ്റ പോള്‍ പറയുന്നു. ഋഷി സൂനകിന് മുന്‍പിലുള്ള വെല്ലുവിളി എത്രമാത്രം കനത്തതാണ് എന്നാാണ് ഈ സര്‍വ്വേഫലം കാണിക്കുന്നത്.
ഈ അഭിപ്രായ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടിക്ക് 46 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് 21 ശതമാനം മാത്രമായിരുന്നു. ഈ പാര്‍ലമെന്റ് കാലയളവില്‍ പാര്‍ട്ടി നേടിയതില്‍ വെച്ച് ഏറ്റവും കുറഞ്ഞ പിന്തുണയാണത്. നീല്‍ ഫരാജെയുടെ റീഫോം പാര്‍ട്ടിക്ക് 12 ശതമാനം പിന്തുണ നേടാനായി എന്നതും ശ്രദ്ധേയമാണ്. ലേബര്‍ പാര്‍ട്ടി കുതിച്ചുയരുമ്പോഴും അതേ വേഗത്തില്‍ പാര്‍ട്ടി നേതാവ് സര് കീര്‍ സ്റ്റാര്‍മറിന്റെ പിന്തുണ ഉയരുന്നില്ല എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.
അതിനിടയില്‍, ഋഷി സുനക്, നീല്‍ ഫരാജെയുമായി സന്ധിയുണ്ടാക്കിയേക്കും എന്നൊരു കിംവദന്തി പരന്നെങ്കിലും, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 22 ശതമാനം പേര് മാത്രമെ അത് വിശ്വസിക്കുന്നുള്ളു. ഈയാഴ്ച പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റൊ ഔദ്യോഗികമായി പുറത്തിറങ്ങാന്‍ ഇരിക്കെ, അത് ഇപ്പോഴത്തെ ട്രെന്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമാകുമോ എന്ന കാര്യത്തിലും സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയരുന്നത്.
അതിനിടയില്‍, ഡി. ഡേ ആഘോഷ പരിപാടികളില്‍ മുഴുവന്‍ പങ്കെടുക്കാതെ ഇറങ്ങിപോയ ഋഷിയുടെ നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങള്‍ക്കൊന്നും തന്നെ മുഖം നല്‍കാതിരുന്ന പ്രധാനമന്ത്രി, പിന്നീട് നോര്‍ത്തേണ്‍ എക്കോ എന്നൊരു പ്രാദേശിക പത്രത്തിലൂടെയാണ് അങ്ങനെ സംഭവിച്ചതില്‍ ഖേദം രേഖപ്പെടുത്തിയത്. ബ്രിട്ടനിലെ ഏറ്റവും വലിയ മിലിറ്ററി ഗാരിസണിലെ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു ഋഷി സുനക് ഇറങ്ങിപോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല