സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച എംബസിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി അധികൃതർ. പുതിയ അധ്യയന വർഷം കഴിഞ്ഞ മാസം ആരംഭിച്ചിരിക്കെ സ്കൂളുകളിൽ മക്കളുടെ സീറ്റിനായി പരക്കംപായുന്ന രക്ഷിതാക്കളെ ലക്ഷ്യംവെച്ചാണ് എംബസിയുടെ പേരിൽ വ്യാജസന്ദേശങ്ങൾ ഇന്ത്യൻ കമ്യൂണിക്കിറ്റിക്കിടയിൽ പ്രചരിക്കുന്നത്.
എന്നാൽ, എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ സന്ദേശവും പത്രക്കുറിപ്പും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, ഇത്തരം സന്ദേശങ്ങൾ എംബസി നൽകിയിട്ടില്ലെന്നും ഇന്ത്യൻ എംബസി ‘എക്സ്’പ്ലാറ്റ്ഫോം വഴി അറിയിച്ചു. ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ കൈമാറരുതെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം സന്ദർഭങ്ങളിൽ ഇന്ത്യൻ എംബസിയുമായി ഇ-മെയിൽ വഴി അറിയിക്കണമെന്നും നിർദേശിച്ചു. സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും നിരവധി രക്ഷിതാക്കളാണ് കുട്ടികളുടെ അഡ്മിഷനായി കാത്തിരിക്കുന്നത്. ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ് തട്ടിപ്പു സംഘങ്ങൾ പുതിയ സന്ദേശങ്ങളിലൂടെ വലവീശുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല