സ്വന്തം ലേഖകൻ: ഫോണ്‍ കോളുകള്‍ വഴിയുള്ള ടെലിമാര്‍ക്കറ്റിംഗിന് കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ. ജനങ്ങള്‍ക്ക് ശല്യമാവുന്ന രീതിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഫോണ്‍ വഴി മാര്‍ക്കറ്റ് ചെയ്യുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. നിയമലംഘകര്‍ക്ക് സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും.
കഴിഞ്ഞ മാസം യുഎഇ കാബിനറ്റ് അംഗീകാരം നല്കിയ പുതിയ നിയമം 2024 ഓഗസ്റ്റ് പകുതി മുതല്‍ പ്രാബല്യത്തില്‍ വരും. സാമ്പത്തിക മന്ത്രാലയത്തിന്റെയും ടിഡിആര്എയുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ നിയന്ത്രണങ്ങള്‍ ഉപഭോക്താക്കളെ അനാവശ്യ ടെലിമാര്‍ക്കറ്റിംഗ് രീതികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും യുഎഇയിലെ വിപണന പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നതാണ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു
ടെലിമാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ അതിന് മുമ്പ് യോഗ്യതയുള്ള അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ടെലികോളിംഗ് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇതിന് അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. ടെലി മാര്‍ക്കറ്റിംഗിനുള്ള ലൈസന്‍സ് എടുക്കുമ്പോള്‍ നല്കുന്ന, കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് മാത്രമേ മാര്‍ക്കറ്റിംഗ് കോളുകള്‍ വിളിക്കാവൂ എന്നതാണ് മറ്റൊരു നിബന്ധന.
ടെലി മാര്‍ക്കറ്റിംഗ് കോളുകള്‍ രാവിലെ ഒന്‍പത് മണിക്കും വൈകുന്നേരം ആറു മണിക്കും ഇടയില്‍ മാത്രമേ പാടുള്ളൂ എന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു വ്യവസ്ഥ. കൂടാതെ ഡുനോട്ട് കോള്‍ രജിസ്ട്രിയില്‍ (DNCR) രജിസ്റ്റര്‍ ചെയ്ത നമ്പറുകളിലേക്ക് ടെലിമാര്ക്കറ്റിംഗിന്റെ ഭാഗമായി വിളിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നിയമം അനുസരിച്ച്, ടെലികോളിംഗുമായി ബന്ധപ്പെട്ട ആദ്യ കോളില്‍ ഉപഭോക്താവ് ഒരു സേവനമോ ഉല്‍പ്പന്നമോ നിരസിച്ചാല്‍, വീണ്ടും ഫോളോ അപ്പ് കോളുകള്‍ ചെയ്ത് ആളുകളെ ബുദ്ധിമുട്ടിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ടെലികോളിന് ഉപഭോക്താവ് ഉത്തരം നല്കുന്നില്ലെങ്കില് അല്ലെങ്കില്‍ കോളിന് മറുപടി നല്‍കാതെ കട്ട് ചെയ്താല്‍, പ്രതിദിനം പരമാവധി ഒരു കോള്‍ കൂടി ചെയ്യാന്‍ അനുവാമുണ്ടായിരിക്കും.
ഈ നിയമങ്ങളില്‍ ഏതെങ്കിലുമൊന്ന് ലംഘിച്ച് ടെലികോളിംഗ് നടത്തുന്നവര്‍ക്കെതിരേ ശക്തമായ ശിക്ഷാ വിധികളാണ് നിയമം അനുശാസിക്കുന്നത്. നിയമലംഘകര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും പടിപടിയായി പിഴകള്‍ ചുമത്തുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കുള്ള പിഴ 150,000 ദിര്‍ഹം വരെ ഉയരാം. നിയമം ലംഘിച്ച് ടെലി മാര്‍ക്കറ്റിംഗ് നടത്തുന്ന കമ്പനിയുടെ പ്രവര്‍ത്തനം ഭാഗികമായോ പൂര്‍ണ്ണമായോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാം.
കൂടാതെ ലൈസന്‍സ് റദ്ദാക്കല്‍, വാണിജ്യ രജിസ്ട്രിയില്‍ നിന്ന് നീക്കം ചെയ്യല്‍, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, ഒരു വര്‍ഷത്തേക്ക് ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ തടയപ്പെടല്‍ തുടങ്ങിയ കടുത്ത നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിയമങ്ങള്‍ ലംഘിച്ച് ശല്യമാവുന്ന രീതിയില്‍ ടെലി മാര്‍ക്കറ്റിംഗില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കെതിരേ ഉപഭോക്താക്കള്‍ക്ക് അധികൃതരോട് പരാതിപ്പെടാനും നിയമം അവസരം നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല