സ്വന്തം ലേഖകൻ: കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏതാണ് രണ്ടര ലക്ഷത്തിലേറെ സോഷ്യല്‍ റെന്റ് ഹോമുകള്‍ അപ്രത്യക്ഷമായതായി സര്‍ക്കാരിന്റെ കണക്കുകള്‍. 2013 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയിലായി ലോക്കല്‍ അതോറിറ്റികളുടെയും ഹൗസിംഗ് അസ്സോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ള സോഷ്യല്‍ ഹൗസിംഗ് ഹോമുകളുടെ എണ്ണത്തില്‍ 2,60,464 വീടുകളുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ .ചാരിറ്റി സംഘടനയായ ഷെല്‍ട്ടര്‍ ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.
കൂടുതല്‍ സോഷ്യല്‍ ഹോമുകള്‍ വില്ക്കുകയോ അതല്ലെങ്കില്‍ അവ ഇടിച്ചുപൊളിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു വില്ക്കുകയോ ആണെന്ന് ഷെല്‍ട്ടറിന്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റെ പറഞ്ഞു. സോഷ്യല്‍ ഹൗസിംഗിന്റെ ആവശ്യക്കാരായി 13ലക്ഷത്തോളം പേര് ഇപ്പോഴും അപേക്ഷ നല്കി കാത്തിരിക്കുകയാണ് . കൈയ്യിലൊതുങ്ങാവുന്ന തരത്തിലുള്ള ഒരു വീടിനായി ഇത്രയും പേര് കാത്തിരിക്കുമ്പോഴാണ് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം.
ആവശ്യത്തിന് സോഷ്യല്‍ ഹോമുകള്‍ ഇല്ലാതായതോടെ രാജ്യം മറ്റൊരു റെക്കോര്‍ഡിലേക്ക് കടക്കുകയാണെന്ന് പോളി നീറ്റെ പറയുന്നു. ഒന്നര ലക്ഷത്തോളം കുട്ടികളാണ് ഇപ്പോള്‍ വീടുകള്‍ ഇല്ലാതെ താത്ക്കാലിക അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്നത്. ഇത് എക്കാലത്തേയും ഉയര്‍ന്ന സംഖ്യയാണെന്നും അവര്‍ പറയുന്നു.സ്വകാര്യ വീടുകളുടെ വാടക കുതിച്ചുയര്‍ന്നതും, ജീവിതച്ചെലവ് പ്രതിസന്ധിയില്‍ പലര്‍ക്കും വാടക നല്കാനാകാതെ വീട് ഒഴിയേണ്ടി വന്നതുമെല്ലാം ഇതിന് കാരണങ്ങളാണ്.
ഇംഗ്ലണ്ടിലെ സോഷ്യല്‍ ഹോമുകളുടെ എണ്ണം കുറയാന്‍ പല കാരണങ്ങളുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തേണ്ടി വരുന്നത് അതിലൊരു കാരണമാണ്. പുതിയ റൈറ്റ് ടു ബൈ പദ്ധതി വഴി കൗണ്‍സില്‍ വീടുകളിലെ വാടകക്കാര്‍ക്ക് അത് വാങ്ങാന്‍ കഴിയുമെന്ന നില വന്നതോടെ പലരും ഇത്തരം വീടുകള്‍ സ്വന്തമാക്കിയത് മറ്റൊരു കാരണം. ഹൗസിംഗ് പ്രൊവൈഡര്‍മാര്‍ ഇത്തരം സ്ഥലങ്ങളെ, കൂടുതല്‍ വിപണി മൂല്യം കിട്ടുന്ന വിധത്തില്‍ രൂപഭേദം വരുത്തി വില്‍ക്കുന്നതും ഒരു കാരണമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല