സ്വന്തം ലേഖകൻ: കുവൈത്തിലെ ജോലികള്‍ക്കായുള്ള റിക്രൂട്ട്മെന്റില്‍ ഓരോ രാജ്യത്തിനും പ്രത്യേകം പ്രത്യേകം ക്വാട്ട നിശ്ചയിച്ചു നല്കാന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അല്‍ അയ്യൂബാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. കുവൈത്തിലെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനും വിവിധ രാജ്യക്കാര്ക്കിടയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനുമായി അധികൃതര്‍ നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായാണിത്.
രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ രൂപീകൃതമായ ഉന്നതതല സമിതി, പ്രവാസി തൊഴിലാളികളുടെ കാര്യത്തില്‍ ഓരോ കമ്മ്യൂണിറ്റിക്കും നിശ്ചിത ക്വാട്ട നിശ്ചയിക്കുന്നത് അടക്കമുള്ള പരിഹാര മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുകയും അതേക്കുറിച്ച് പഠിക്കാന്‍ നിരവധി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. കുവൈത്ത് ജനസംഖ്യയുടെ 60 ശതമാനത്തിലേറെയും പ്രവാസികളാണ്.
രാജ്യത്തിന്റെ വിഭവങ്ങള്‍ വിദേശികള്‍ ഊറ്റിക്കുടിക്കുകയാണെന്നും അവരുടെ ജനസംഖ്യ കര്‍ശനമായി നിയന്ത്രിക്കണമെന്നുമുള്ള ആവശ്യം കുവൈത്ത് പൗരന്മാര്ക്കിടയില് ശക്തമായ സാഹചര്യത്തിലാണ് ഇത് പരിഹരിക്കുന്നതിനായി പ്രത്യേക ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക ക്വാട്ട നിശ്ചയിച്ചു നല്‍കാനുള്ള തീരുമാനം നിലവില്‍ വരികയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുക ഇന്ത്യന്‍ പ്രവാസികളെയായിരിക്കും. കാരണം രാജ്യത്തെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണെന്നാണ് കണക്കുകള്‍. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം കുവൈത്തിലെ ആകെ ജനസംഖ്യ 48.6 ദശലക്ഷമാണ്.
ഇവരില്‍ 15 ലക്ഷം പേരാണ് കുവൈത്ത് പൗരന്മാര്. 33 ലക്ഷത്തിലേറെ പേര് പ്രവാസികളാണ്. അഥവാ രാജ്യത്തെ ജനസംഖ്യയില്‍ 68 ശതമാനത്തോളം പ്രവാസികളും 32 ശതമാനത്തോളം പേര് സ്വദേശികളും. പ്രവാസി ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരും രണ്ടാമത് ഈജിപ്തുകാരുമാണ്. കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനമാണ് ഇന്ത്യക്കാരെന്നാണ് കണക്കുകകള്‍. ഈജിപ്തുകാര്‍ 13 ശതമാനവും. അതുകൊണ്ടു തന്നെ ഓരോ രാജ്യക്കാര്‍ക്കും ക്വാട്ട നിശ്ചയിക്കാനുള്ള തീരുമാനം നിലവില്‍ വന്നാല്‍ പ്രവാസി ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ക്വാട്ട ലഭിക്കാനിടയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല