1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2024

സ്വന്തം ലേഖകൻ: കുവൈത്തിലെ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്കുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.
താമസ, തൊഴില്‍ വീസ നിയമങ്ങള്‍ ലംഘിച്ചും വിവിധ കേസുകളില്‍ കുടുങ്ങിയും രാജ്യത്ത് അനധകൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനോ പിഴയടച്ച് രാജ്യത്ത് തുടരാനോ അവസരം നല്‍കുന്ന പൊതുമാപ്പ് കാലാവധി ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ്.

പൊതുമാപ്പ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന റെസിഡന്‍സി നിയമ ലംഘകരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ശക്തമായ ക്യാംപയിനുമായി രംഗത്തിറങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അല്‍ അയൂബ് അറിയിച്ചു. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ താമസ നിയമ ലംഘകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് 17 മുതല്‍ കുവൈത്തില്‍ പൊതുമാപ്പ് പദ്ധതി നടപ്പിലാക്കിയതെന്നും അല്‍ അയ്യൂബ് പറഞ്ഞു. ഇങ്ങനെ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് ആരെങ്കിലും അഭയം നല്‍കുകയോ താമസം ഒരുക്കുകയോ അവര്‍ക്ക് ജോലി നല്‍കുകയോ ചെയ്താല്‍ അവര്‍ക്കെതിരേയും ശക്തമായ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 12 പ്രകാരം ശക്തമായ ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്. ഇങ്ങനെ നിയമ വിരുദ്ധര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് ആറ് മാസം തടവ് അല്ലെങ്കില്‍ പരമാവധി 600 കുവൈത്ത് ദിനാര്‍ പിഴ എന്നിങ്ങനെയുള്ള ശിക്ഷയായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കമ്പനി വീസയില്‍ ജോലി വാഗ്ദാനം ചെയ്ത് കുവൈത്തിലേക്ക് പ്രവാസികളെ കൊണ്ടുവരികയും ഇവിടെ എത്തിയാല്‍ അവരെ കൈയൊഴിയുകയും ചെയ്യുന്ന വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളെ കണ്ടെത്തി അവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇത്തരം കമ്പനികളെ ബ്ലോക്ക് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.