സ്വന്തം ലേഖകൻ: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കുവൈറ്റിലെ ലോക്കല്‍ ഹെല്പ് ഡെസ്കില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ സ്ഥിരീകരണം. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞു.
മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മലയാളികളായ ഏഴോളം പേര് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോര്‍ക്കയുടെ രണ്ട് ഹെല്‍പ്പ് ഡെസ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്ടാക്റ്റ് സെന്ററിലെ ഹെല്‍പ്പ് ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
ഇതിനിടെ, കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബെന്‍ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു.
തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ ഇവരെ തിരിച്ചറിയാനാകൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആകെ 49 പേരാണു തീപിടിത്തത്തിൽ മരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം മരിച്ച 49 പേരിൽ 43 പേർ ഇന്ത്യക്കാരാണെന്നു ഡൽഹി എയർപോർട്ടിൽനിന്നു കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കീർത്തി വർധൻ സിംഗ് പറഞ്ഞു. കുവൈറ്റിലെത്തുമ്പോൾ സ്ഥിതിഗതികൾ വ്യക്തമാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മൃതദേഹങ്ങൾ വ്യോമസേനയുടെ വിമാനത്തിലാകും നാട്ടിൽ എത്തിക്കുക.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജും കുവൈറ്റിലേക്കു പോകും. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം വീതം നല്‍കും.
മരിച്ച ആറു പേർ ഫിലിപ്പൈൻസ് സ്വദേശികളാണ്. ചികിൽസയിയിലുള്ള 26 പേരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏറെയും മലയാളികളാണ്. പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പുവരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.
തെക്കൻ കുവൈറ്റിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിലാണ് ബുധനാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. കുവൈറ്റി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന് ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന് നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന് (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37), മാത്യു ജോർജ്, കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന് സ്റ്റെഫിന് ഏബ്രഹാം സാബു (29), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന് ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന് (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്, കാസര്‍ഗോഡ് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല